അപൂര്‍വ്വ നേട്ടം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്‌പിന്നര്‍ കരണ്‍ ശര്‍മ്മ

മുംബൈ: ഐപിഎല്‍ പതിനൊന്നാം സീസണ്‍ കിരീടം ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയതോടെ സ്‌പിന്നര്‍ കരണ്‍ ശര്‍മ്മയ്ക്ക് അപൂര്‍വ്വ നേട്ടം. ഐപിഎല്ലില്‍ തുടര്‍ച്ചയായി മൂന്ന് കിരീടങ്ങള്‍ നേടുന്ന താരമായി കരണ്‍ ശര്‍മ്മ. 2016ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനൊപ്പവും 2017ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പവുമായിരുന്നു കരണിന്‍റെ മുന്‍ കിരീടങ്ങള്‍.

സീസണില്‍ ചെന്നൈയ്ക്കായി ആറ് മത്സരങ്ങള്‍ കളിച്ച താരം നാല് വിക്കറ്റുകള്‍ പിഴുതു. സണ്‍റൈസേഴിനെതിരെ ഫൈനലില്‍ വെറ്ററന്‍ സ്‌പിന്നര്‍ ഹര്‍ഭജന് പകരം ടീമിലെത്തിയ കരണ്‍ ഒരു വിക്കറ്റ് വീഴ്ത്തി. ഫൈനലില്‍ എട്ട് വിക്കറ്റ് ജയവുമായാണ് ചെന്നൈ തങ്ങളുടെ മൂന്നാം കിരീടം ഉയര്‍ത്തിയത്.