രാജസ്ഥാന് ലഭിച്ച മികച്ച തുടക്കം മധ്യനിരയ്ക്ക് നിലനിര്‍ത്താനായില്ല

ജയ്‌പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 161 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റിന് 160 റണ്‍സെടുത്തു. ഓപ്പണര്‍മാരായ അജിങ്ക്യ രഹാനെയും ആര്‍സി ഷോര്‍ട്ടും മികച്ച തുടക്കം നല്‍കിയെങ്കിലും മധ്യനിരയ്ക്ക് മുതലാക്കാനാകാതെ പോയതാണ് രാജസ്ഥാനെ വലിയ സ്കോറില്‍ നിന്ന് അകറ്റിയത്.

ആദ്യ രണ്ട് ഓവറുകളില്‍ കരുതലോടെ കളിച്ചായിരുന്നു രാജസ്ഥാന്‍റെ തുടക്കം. എന്നാല്‍ പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ റണ്‍റേറ്റ് ഉയര്‍ത്താന്‍ രാജസ്ഥാനായി. ഏഴാം ഓവറിലെ അവസാന പന്തില്‍ 19 പന്തില്‍ 36 റണ്‍സെടുത്ത രഹാനെ പുറത്ത്. ഓരോവറിന്‍റെ ഇടവേളയില്‍ മൂന്നാമന്‍ സഞ്ജു സാംസണ്‍(7) കുല്‍ദീപിന്‍റെ കൈകളില്‍ അവസാനിച്ചു. സീസണില്‍ ആദ്യമായി സഞ്ജു ബാറ്റിംഗില്‍‍ പരാജയപ്പെടുന്നതിന് ഹോം ഗ്രൗണ്ട് സാക്ഷിയായി.

ആര്‍സി ഷോര്‍ട്ട് ഒരറ്റത്ത് നിലയുറപ്പിച്ചത് മാത്രമായി മധ്യ ഓവറുകളില്‍ രാജസ്ഥാന്‍റെ പ്രതിരോധം. ഷോര്‍ട്ടും(43 പന്തില്‍ 44), രാഹുല്‍ ത്രിപാദിയും(15), ബെന്‍ സ്റ്റോക്സും(14) മടങ്ങിയതോടെ രാജസ്ഥാന്‍ പതറി. സീസണിലെ ഫോമില്ലായ്മ നാലാം മത്സരത്തിലും ആവര്‍ത്തിക്കുകയായിരുന്നു സ്റ്റോക്സ്. വൈകാതെ 19-ാം ഓവറിലെ ആദ്യ പന്തില്‍ 12 റണ്‍സുമായി ഗൗതമും രണ്ടാം പന്തില്‍ ഗോള്‍ഡണ്‍ ഡക്കായി ശ്രേയാസും വീണു. 

അതോടെ ജോസ് ബട്ട്‌ലറുടെ വെടിക്കെട്ടില്‍ മാത്രമായി രാജസ്ഥാന്‍റെ പ്രതീക്ഷകള്‍. 19-ാം ഓവറില്‍ ഒരു നോ ബോള്‍ ലഭിച്ചെങ്കിലും രാജസ്ഥാന് മുതലാക്കാനായില്ല. അവസാന ഓവറില്‍ ബട്ട്‌ലര്‍ ക്രിസീലുണ്ടായിരുന്നിട്ടും എട്ട് റണ്‍ മാത്രമാണ് രാജസ്ഥാന് എടുക്കാനായത്. 24 റണ്‍സുമായി ബട്ട്‌ലറും റണ്ണൊന്നുമെടുക്കാതെ ഉനദ്കട്ടും പുറത്താകാതെ നിന്നു. കൊല്‍ക്കത്തയ്ക്കായി റാണയും കുരാനും രണ്ടും മാവി, ചൗള, കുല്‍ദീപ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്‌ത്തി.