മുംബൈ ഇന്ത്യന്‍സിന് മൂന്ന് റണ്‍സിന്‍റെ ആവേശ ജയം
മുംബൈ: ഐപിഎല്ലില് കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്സിന് മൂന്ന് റണ്സിന്റെ ആവേശ ജയം. മുംബൈ ഉയര്ത്തിയ 187 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന പഞ്ചാബിന് അഞ്ച് വിക്കറ്റിന് 183 റണ്സെടുക്കാനേ കഴിഞ്ഞുള്ളു. തകര്പ്പന് അര്ദ്ധ സെഞ്ചുറി നേടി കെ.എല് രാഹുല് പഞ്ചാബിനെ വിജയിപ്പിക്കും എന്ന് തോന്നിച്ചെങ്കിലും 19-ാം ഓവര് എറിഞ്ഞ ബുംമ്രയും അവസാന ഓവറില് മക്ലനാഗനും കളി മുംബൈക്ക് അനുകൂലമാക്കുകയായിരുന്നു. ബുംമ്ര മൂന്നും മക്ലനാഗന് രണ്ട് വിക്കറ്റും വീഴ്ത്തി.
നേരത്തെ നിര്ണായക മത്സരത്തില് ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത മുംബൈ 20 ഓവറില് എട്ട് വിക്കറ്റിന് 186 റണ്സെടുത്തു. തകര്പ്പന് അര്ദ്ധ സെഞ്ചുറി നേടിയ കീറോണ് പൊള്ളാര്ഡാണ് മുംബൈയെ മികച്ച സ്കോറിലെത്തിച്ചത്. മുന്നിരയെ പിഴുതെറിഞ്ഞ ടൈ നാല് വിക്കറ്റുമായി തിളങ്ങിയെങ്കിലും പൊള്ളാര്ഡ്- ക്രുണാല് സഖ്യത്തിന്റെ മുന്നേറ്റത്തെ തടയാനായില്ല. അശ്വിന് രണ്ട് വിക്കറ്റ് വീഴ്ത്തി. ഒരവസരത്തില് മൂന്ന് വിക്കറ്റിന് 56 റണ്സെന്ന നിലയിലായിരുന്നു മുംബൈ.
സൂര്യകുമാര് യാദവ്(27), ലെവിസ്(9), കിഷാന്(20) എന്നിങ്ങനെയായിരുന്നു മുന്നിര താരങ്ങളുടെ സ്കോര്. നാലാമനായെത്തിയ നായകന് രോഹിത് ശര്മ്മയ്ക്കും(6) തിളങ്ങാനായില്ല. ക്രുണാല് 23 പന്തില് 32 റണ്സെടുത്തും പൊള്ളാര്ഡ് 23 പന്തില് 50 റണ്സെടുത്തും പുറത്തായി. പൊള്ളാര്ഡ് പുറത്താകുമ്പോള് മുംബൈ 150 കടന്നിരുന്നു. ഹര്ദിക്(9), കട്ടിംഗ്(4) റണ്സെടുത്ത് പുറത്തായി. പുറത്താകാതെ 11 റണ്സെടുത്ത് മക്ലനാഗനും ഏഴ് റണ്സുമായി മര്കാണ്ഡെയും മുംബൈയെ 186ലെത്തിച്ചു.
മറുപടി ബാറ്റിംഗില് 18 റണ്സെടുത്ത ഗെയ്ലിനെ ടീം സ്കോര് 34ല് നില്ക്കേ നഷ്ടമായെങ്കിലും കിംഗ്സ് ഇലവനായി രാഹുലും ഫിഞ്ചും തകര്പ്പന് പ്രകടനമാണ് കാഴ്ച്ചവെച്ചത്. മക്ലനാഗനാണ് ഗെയ്ലിനെ പുറത്താക്കിയത്. 10 ഓവറില് കിംഗ്സ് ഇലവന് 86 റണ്സ് നേടി. തൊട്ടടുത്ത ഓവറില് രാഹുല്(36 പന്തില്) അര്ദ്ധ സെഞ്ചുറി തികച്ചു. മര്കാണ്ഡെ എറിഞ്ഞ 16-ാം ഓവറില് രണ്ട് സിക്സടക്കം 18 റണ്സ് നേടിയപ്പോള് കിംഗ്സ് ഇലവന് പഞ്ചാബിന്റെ വിജയലക്ഷ്യം നാല് ഓവറില് 42 ആയി.
തൊട്ടടുത്ത ഓവറില് പഞ്ചാബിന് തിരിച്ചടി നല്കി ഫിഞ്ചിനെ(46), ബൂംമ്ര പുറത്താക്കി. അഞ്ചാം പന്തില് സ്റ്റോയിണിസും(1) പുറത്ത്. കട്ടിംഗിന്റെ 18-ാം ഓവറില് പിറന്നത് 15 റണ്സ്. എന്നാല് 19-ാം ഓവറില് വീണ്ടും ബുംമ്രയുടെ പ്രഹരം. രണ്ടാം പന്തില് രാഹുല് പുറത്തായതോടെ അവസാന ഓവറില് പഞ്ചാബിന് 17 റണ്സ് വേണമെന്നായി. 60 പന്തില് 94 റണ്സാണ് രാഹുല് എടുത്തത്. മക്ലനാഗന് എറിഞ്ഞ അവസാന ഓവറില് തിവാരിക്കും അക്ഷാറിനും കിംഗ്സ് ഇലവനെ വിജയിപ്പിക്കാനായില്ല.
