ഐപിഎല്‍ 11-ാം സീസണിലെ റണ്‍മെഷീനായി വില്യംസണ്‍

മുംബൈ: ഐപിഎല്‍ പതിനൊന്നാം സീസണില്‍ കിരീടം നേടാനായില്ലെങ്കിലും സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണ്‍ മടങ്ങുന്നത് തലയുയര്‍ത്തി. സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ചവെച്ച വില്യംസണാണ് ഓറഞ്ച് ക്യാപ്പിന് അവകാശി. പതിനേഴ് മത്സരങ്ങളില്‍ നിന്ന് 52.50 ശരാശരിയും, 142.44 സ്‌ട്രൈക്ക് റേറ്റുമായി 735 റണ്‍സ് താരം നേടി. 

പതിനാല് കളിയില്‍ നിന്ന് 684 റണ്‍സ് നേടിയ ഡെയര്‍ഡെവിള്‍ഡസിന്‍റെ റിഷഭ് പന്താണ് രണ്ടാം സ്ഥാനത്ത്. അത്ര തന്നെ മത്സരങ്ങളില്‍ 659 റണ്‍സുമായി കിംഗ്സ് ഇലവന്‍റെ കെ.എല്‍ രാഹുല്‍ മൂന്നാം സ്ഥാനത്തെത്തി. സീസണില്‍ എട്ട് അര്‍ദ്ധ സെഞ്ചുറികള്‍ നേടിയപ്പോള്‍ ഒരു സെഞ്ചുറി പോലും വില്യംസണിന്‍റെ ബാറ്റില്‍ നിന്ന് പിറന്നില്ല എന്നത് ശ്രദ്ധേയമാണ്. 84 ആണ് വില്യംസണിന്‍റെ ഉയര്‍ന്ന സ്കോര്‍. 

സീസണില്‍ 64 ബൗണ്ടറികളും 28 സിക്സുകളും വില്യംസണിന്‍റെ ബാറ്റില്‍ നിന്ന് പറന്നു. ഒരു സീസണില്‍ 700ലധികം സ്കോര്‍ ചെയ്യുന്ന അഞ്ചാമത്തെ താരമാകാനും വില്യംസണായി. മൂന്ന് കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്സിലെത്തിയത്. പന്ത് ചുരുണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്നും പുറത്തായ ഡേവിഡ് വാര്‍ണര്‍ക്ക് പകരമായിരുന്നു വില്യംസണെ സണ്‍റൈസേഴ്സ് നായകനാക്കിയത്.