സീസണില്‍ 14 മത്സരങ്ങള്‍ കളിച്ച ടൈ 24 വിക്കറ്റുകളാണ് പിഴുതത്

മുംബൈ: ടി20 ക്രിക്കറ്റ് ബാറ്റ്സ്മാന്മാരുടെ പറുദീസയാണെന്ന ധാരണ തിരുത്തിയാണ് ഐപിഎല്‍ പതിനൊന്നാം സീസണ്‍ പടിയിറങ്ങുന്നത്. ഒട്ടേറെ വിസ്മയിപ്പിക്കുന്ന ബൗളിംഗ് പ്രകടനങ്ങള്‍ സീസണില്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് കാണാനായി. സീസണ്‍ അവസാനിക്കുമ്പോള്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ്പ് കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍റെ ഓസ്‌ട്രേലിയന്‍ പേസര്‍ ആന്‍ഡ്രൂ ടൈയ്ക്കാണ്. 

സീസണില്‍ 14 മത്സരങ്ങള്‍ കളിച്ച ടൈ 24 വിക്കറ്റുകളാണ് പിഴുതത്. 18.66 ശരാശരിയില്‍, 8.00 ഇക്കോണമിയിലാണ് ടൈയുടെ വിക്കറ്റ് കൊയ്ത്ത്. മൂന്ന് തവണ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കാനും ടൈയ്ക്കായി. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ സണ്‍റൈസേഴ്സ് താരങ്ങളാണ്. 17 കളികളില്‍ നിന്ന് 21 വിക്കറ്റുകള്‍ വീതം നേടി റഷീദ് ഖാന്‍ രണ്ടാമതും സിദ്ധാര്‍ത്ഥ് കൗള്‍ മൂന്നാമതുമെത്തി. മികച്ച ഇക്കോണമിയാണ് അഫ്ഗാന്‍ സ്‌പിന്നര്‍ റഷീദ് ഖാനെ രണ്ടാമതെത്തിച്ചത്.