രാജസ്ഥാന്‍ റോയല്‍സിന് 19 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം
ബെംഗളൂരു: ഐപിഎല്ലില് സഞ്ജു സാംസണ് വെടിക്കെട്ടില് രാജസ്ഥാന് റോയല്സിന് 19 റണ്സിന്റെ തകര്പ്പന് ജയം. സീസണില് രാജസ്ഥാന് റോയല്സിന്റെ രണ്ടാം വിജയമാണിത്. രാജസ്ഥാന് ഉയര്ത്തിയ 218 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 20 ഓവറില് ആറ് വിക്കറ്റ് നഷ്ടത്തില് 198 റണ്സെടുക്കാനേ കഴിഞ്ഞുള്ളൂ. ബാംഗ്ലൂരിനായി നായകന് വിരാട് കോലി അര്ദ്ധ സെഞ്ചുറി നേടിയെങ്കിലും കളി ജയിപ്പിക്കാനായില്ല.
രാജസ്ഥാന്റെ വെടിക്കെട്ടിന് അതേ നാണയത്തില് തിരിച്ചടിച്ചാണ് റോയല് ചലഞ്ചേഴ്സ് തുടങ്ങിയത്. ആദ്യ പന്തില് ബൗണ്ടറി നേടിത്തുടങ്ങിയ മക്കുല്ലത്തെ നാലാം പന്തില് നഷ്ടമായെങ്കിലും ഡികോക്ക്-കോലി സഖ്യം പ്രഹരം തുടര്ന്നു. ഇതോടെ പവര്പ്ലേയില് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂര് അടിച്ചുകൂട്ടിയത് 64 റണ്സ്. 19 പന്തില് 26 റണ്സെടുത്ത ഡികോക്ക് ഷോര്ട്ടിന്റെ പന്തില് രണ്ടാമനായി പുറത്തായി. എന്നാല് വെടിക്കെട്ട് തുടര്ന്ന കോലി 31-ാം അര്ദ്ധ സെഞ്ചുറി പൂര്ത്തിയാക്കി.
കോലിക്കൊപ്പം ചേര്ന്ന ഡിവിലിയേഴ്സ് കഴിഞ്ഞ മത്സരത്തിലെ പ്രകടനം ആവര്ത്തിക്കുമെന്ന് കരുതി. എന്നാല് 11-ാം ഓവറില് കോലിയും(30പന്തില് 57) പതിമൂന്നാം ഓവറില് എബിഡിയും(18 പന്തില് 20) പുറത്തായത് ബാംഗളൂരിനെ തളര്ത്തി. സ്കോര് 114-4. സര്ഫ്രാസ് ഖാന് പകരമെത്തിയ നേഗി(3) പരാജയപ്പെട്ടതും തിരിച്ചടിയായി. എന്നാല് വാഷിംഗ്ടണ് സുന്ദറും മന്ദീപ് സിംഗും ചെറുത്തുനിന്നതോടെ റോയല് ചലഞ്ചേഴ്സ് പ്രതീക്ഷ തിരിച്ചുപിടിച്ചു. 19 പന്തില് 35 റണ്സെടുത്ത് സുന്ദര് പുറത്തായപ്പോള് 25 പന്തില് 47 റണ്സുമായി മന്ദീപ് പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് റോയല്സ് 20 ഓവറില് നാല് വിക്കറ്റ് നഷ്ടത്തില് 217 റണ്സെടുത്തു. 45 പന്തില് 92 റണ്സെടുത്ത മലയാളി താരം സഞ്ജു വി സാംസണാണ് രാജസ്ഥാനെ കൂറ്റന് സ്കോറിലെത്തിച്ചത്. രഹാനെ(36), സ്റ്റോക്സ്(27), ബട്ട്ലര്(23) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്. റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി വോക്സും ചഹലും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
