ഓറഞ്ച് ക്യാപ്പ് ലക്ഷ്യമിട്ട് സഞ്ജു
ജയ്‌പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. സീസണിലെ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇറങ്ങുന്നത്. അതേസമയം ഐപിഎല്ലില്‍ ബംഗലൂരു നായകന്‍ വിരാട് കോലി സ്വന്തമാക്കിയ ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിക്കാനുറച്ചാണ് രാജസ്ഥാന്‍റെ മലയാളി താരം സഞ്ജു വി സാംസണ്‍ കളിക്കുന്നത്.
നാലാമങ്കത്തിന് ഇറങ്ങുന്ന രാജസ്ഥാനേക്കാള്‍, ഒരു മത്സരം കൂടുതല്‍ കളിച്ചിട്ടുണ്ട് കൊല്‍ക്കത്ത. രണ്ട് കരിബീയന്‍ താരങ്ങളാണ് കൊല്‍ക്കത്തയുടെ കരുത്ത്. ഓള്‍റൗണ്ടര്‍ ആന്ദ്രേ റസ്സലും, സ്‌പിന്നര്‍ സുനില്‍ നരെയ്നും. മികച്ച ഫോമിലുള്ള സഞ്ജു സാംസണെ തളയ്‌ക്കാനുള്ള നിയോഗം നരേയെനില്‍ തന്നെ എത്താനാണ് സാധ്യത.
ജയ്പ്പൂരില്‍ അവസാനം കളിച്ച ഒമ്പത് മത്സരങ്ങളിലും ജയിച്ചത് റോയല്‍സിന് ആത്മവിശ്വാസം നല്‍കും. രാജസ്ഥാനായി രഹാനെയും ആര്‍സി ഷോര്‍ട്ടും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്.
