വ്യക്തിഗത നേട്ടങ്ങള്‍ കൊയ്യാന്‍ സഞ്ജുവിന് സീസണിലായി

കൊല്‍ക്കത്ത: ഐപിഎല്‍ പതിനൊന്നാം സീസണില്‍ പ്ലേ ഓഫ് കളിക്കാനുള്ള ഭാഗ്യമുണ്ടായി രാജസ്ഥാന്‍ റോയല്‍സിന്. എന്നാല്‍ എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് 25 റണ്‍സിന് പരാജയപ്പെട്ട് രാജസ്ഥാന്‍ പുറത്തായി. കൊല്‍ക്കത്തയില്‍ നിന്ന് രാജസ്ഥാന്‍ തോറ്റ് മടങ്ങുമ്പോഴും ടീമിലെ മലയാളി താരം സഞ്ജു വി സാംസണ്‍ സീസണ്‍ അവസാനിപ്പിക്കുന്നത് തലയുയര്‍ത്തിയാണ്. 

ഐപിഎല്‍ കരിയറില്‍ വ്യക്തിഗത നേട്ടങ്ങള്‍ കൊയ്യാന്‍ സഞ്ജുവിന് സീസണിലായി. 2013ല്‍ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച സഞ്ജു റണ്‍വേട്ടയില്‍ മുന്നിലെത്തിയ സീസണാണിത്. രാജസ്ഥാനായി 15 മത്സരങ്ങള്‍ കളിച്ച താരം 31.50 ശരാശരിയില്‍ 441 റണ്‍സ് അടിച്ചുകൂട്ടി. മൂന്ന് അര്‍ദ്ധ സെഞ്ചുറികളുള്‍പ്പെടെയായിരുന്നു ഈ റണ്‍കുതിപ്പ്. 386, 291, 204, 339, 206 എന്നിങ്ങനെയായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ സഞ്ജുവിന്‍റെ സ്കോര്‍. സീസണില്‍ സഞ്ജുവിന്‍റെ ഉയര്‍ന്ന സ്കോര്‍ 92 റണ്‍സ് ആണ്.

തകര്‍പ്പന്‍ പ്രകടനത്തോടെയാണ് സഞ്ജു 11-ാം സീസണ്‍ ആരംഭിച്ചത്. ഇടയ്ക്ക് പതറിയതോടെ സഞ്ജുവിനൊപ്പം രാജസ്ഥാനും പ്രതിരോധത്തിലായി. എന്നാല്‍ കൊല്‍ക്കത്തയ്ക്കെതിരെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി കുറിച്ച് സഞ്ജു സീസണ്‍ ഗംഭീരമായി അവസാനിപ്പിച്ചു. കൊല്‍ക്കത്തയ്ക്കെതിരെ 38 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്സും സഹിതം സഞ്ജു 50 റണ്‍സാണ് എടുത്തത്. സീസണില്‍ രാജസ്ഥാനെ പ്ലേ ഓഫില്‍ എത്തിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ച താരങ്ങളിലൊരാളും സഞ്ജുവാണ്.