ദില്ലി: പ്രതാപകാലത്തിന്‍റെ നിഴലില്‍ പോലുമില്ല വെസ്റ്റിന്‍ഡീസിന്‍റെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയില്‍. അതിനാല്‍ കൂറ്റനടിക്കാരനായ മുപ്പത്തെട്ടുകാരന്‍ ഗെയിലിനെ സ്വന്തമാക്കാന്‍ ഐപിഎല്‍ താരലേലത്തിന്‍റെ ആദ്യദിനം ടീമുകള്‍ തയ്യാറായില്ല. എന്നാല്‍ രണ്ടാംദിനം അപ്രതീക്ഷിതമായി ഗെയിലിനെ രണ്ട് കോടി രൂപയ്ക്ക് ടീമിലെത്തിച്ച് കിംഗ് ഇലവന്‍ പഞ്ചാബ് ആരാധകരെ അമ്പരിപ്പിച്ചു.

ടി20യില്‍ നിരവധി റെക്കോര്‍ഡുകള്‍ പേരിലുണ്ടെങ്കിലും താരത്തിന്‍റെ ഫോമിനെ ചൊല്ലിയുള്ള ആശങ്കകള്‍ നില്‍ക്കേയായിരുന്നു പ‌ഞ്ചാബിന്‍റെ സാഹസിക നീക്കം. എന്നാലിപ്പോള്‍ ഗെയിലിനെ ടീമിലെത്തിച്ചതിന്‍റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ടീം ഡയറക്ടറും ഉപദേശകനുമായ വിരേന്ദര്‍ സെവാഗ്. ഓപ്പണിംഗ് ബാറ്റ്സ്മാന്‍ എന്ന നിലയില്‍ ഗെയില്‍ ഏത് ടീമിനും അപകടകാരിയാണെന്ന് സെവാഗ് പറയുന്നു. 

ടി20യിലെ ഉയര്‍ന്ന ബ്രാന്‍ഡ് മൂല്യം ഗെയിലിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഓപ്പണറായി പകരക്കാരുടെ നിരയില്‍ ഗെയിലിനെ പരിഗണിക്കാനാണ് ടീം ലക്ഷ്യമിടുന്നതെന്നും വീരു പറഞ്ഞു. 11 കോടിക്ക് സ്വന്തമാക്കിയ കെ.എല്‍ രാഹുലിനെയും മികച്ച ഫോമിലുള്ള കരുണ്‍ നായരെയും ഓപ്പണര്‍മാരായി ആദ്യ ഇലവനില്‍ കിംഗ്സ് ഇലവന്‍ പരിഗണിക്കാനാണ് സാധ്യത.