വിമാനത്തില്‍ വെച്ച് സിദ്ധാര്‍ത്ഥ് കൗള്‍ രസകരമായ സംഭവം കാട്ടി

ഹൈദരാബാദ്: ഐപിഎല്‍ പതിനൊന്നാം സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് കാഴ്ച്ചവെക്കുന്നത്. ഒമ്പത് ജയങ്ങളുമായി പോയിന്‍റ് പട്ടികയില്‍ ഒന്നാമതാണ് നിലവില്‍ സണ്‍റൈസേഴ്സ്. എന്നാല്‍ അവസാനം ഏറ്റുമുട്ടിയ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് സണ്‍റൈസേഴ്സ് എട്ട് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. മത്സര ശേഷം ഹൈദരാബാദിലേക്കുള്ള സണ്‍റൈസേഴ്സ് താരങ്ങളുടെ യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് നടന്ന രസകരമായ സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ കൊണ്ടാടുന്നത്. 

സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ഇന്ത്യന്‍ പേസര്‍ സിദ്ധാര്‍ത്ഥ് കൗളാണ് വിമാനത്തില്‍ വെച്ച് തമാശ കാട്ടിയത്. ടീമിലെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനാണ് കൗളിന്‍റെ തമാശക്കിരയായത്. ചുരുട്ടിയ പേപ്പര്‍ കൊണ്ട് ഉറങ്ങുന്ന ഷാക്കിബിന്‍റെ മൂക്കില്‍ ഇക്കിളിപ്പെടുത്താനായിരുന്നു കൗളിന്‍റെ ശ്രമം. എന്നാല്‍ മറ്റ് താരങ്ങളുടെ അടുത്ത് കൗള്‍ ഇതേ തന്ത്രം പുറത്തെടുത്തെങ്കിലും വിജയിച്ചില്ല. കൗളിന്‍റെ കുട്ടിക്കളിയുടെ ദൃശ്യം സണ്‍റൈസേഴ്സ് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ വ്യാഴാഴ്ച്ചയാണ് സണ്‍റൈസേഴ്സിന്‍റെ അടുത്ത മത്സരം.