ഈ ഘട്ടത്തിൽ സഞ്ജുവിനെ മാറ്റേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല. സഞ്ജു സാംസൺ മികച്ചൊരു കളിക്കാരനാണ്, ഒട്ടനവധി മത്സരങ്ങൾ ജയിപ്പിച്ച മാച്ച് വിന്നറാണ്.
ലണ്ടൻ: കൗമാരതാരം വൈഭവ് സൂര്യവംശിയെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന മുറവിളി ശക്തമാകുന്നതിനിടെ, മലയാളി താരം സഞ്ജു സാംസണ് ശക്തമായ പിന്തുണയുമായി മുൻ ബിസിസിഐ സെലക്ടർ സബ കരീം. രണ്ടോ മൂന്നോ ഇന്നിങ്സുകളിലെ മോശം പ്രകടനങ്ങളുടെ പേരിൽ സഞ്ജുവിനെ ടീമിൽ നിന്ന് മാറ്റണമെന്ന വാദങ്ങളെ സാബാ കരീം തള്ളി. ഈ വർഷം ഇന്ത്യ ടി20 ലോകകപ്പ് നേടിയപ്പോൾ ടൂർണമെന്‍റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിനെ പെട്ടെന്നൊരു ദിവസം ക്രൂശിക്കുന്നത് ശരിയല്ലെന്ന് സ്റ്റാർ സ്‌പോർട്‌സിന്‍റെ 'ഫോളോ ദി ബ്ലൂസ്' പരിപാടിയിൽ സംസാരിക്കവെ സാബ കരീം പറഞ്ഞു.
ഈ ഘട്ടത്തിൽ സഞ്ജുവിനെ മാറ്റേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല. സഞ്ജു സാംസൺ മികച്ചൊരു കളിക്കാരനാണ്, ഒട്ടനവധി മത്സരങ്ങൾ ജയിപ്പിച്ച മാച്ച് വിന്നറാണ്. അവന് മികച്ചൊരു ഐപിഎൽ സീസൺ ഉണ്ടായിരുന്നു. അതിലുപരി ഈ വർഷം നടന്ന ടി20 ലോകകപ്പിലെ മികച്ച താരം കൂടിയായിരുന്നു അവൻ. നമ്മൾ ഇപ്പോൾ എന്താണ് ഈ കാണിക്കുന്നത്? 'എല്ലാവരും എന്തിനാണ് തനിക്കുനേരെ മാത്രം വിരല്‍ ചൂണ്ടുന്നതെന്ന് സഞ്ജു ഇപ്പോൾ ചിന്തിക്കുന്നുണ്ടാകുമെന്നും സബ കരീം പറഞ്ഞു.
ഐപിഎല്ലിൽ 776 റൺസ് അടിച്ചുകൂട്ടി റെക്കോർഡിട്ട വൈഭവ് സൂര്യവംശിക്ക് ഇപ്പോൾ അരങ്ങേറ്റം നൽകിയാൽ സച്ചിൻ ടെൻഡുൽക്കറെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ക്രിക്കറ്ററായി താരം മാറും. എന്നാൽ വൈഭവിന് ഇപ്പോൾ തന്നെ അവസരം നൽകുന്നത് അത്ര നല്ലതല്ലെന്നും വൈഭവ് കാത്തിരിക്കണമെന്നുമാണ് സബ കരീമിന്റെ പക്ഷം.
വൈഭവിനെ സംബന്ധിച്ച് ഇതൊരു വലിയ അവസരമാണ്. ഇന്ത്യൻ ടീമിന്‍റെ ഫസ്റ്റ് ഇലവനിൽ ഇടം നേടണമെങ്കിൽ കഠിനാധ്വാനം ചെയ്ത് അത് അർഹതയോടെ നേടിയെടുക്കണമെന്ന് അവൻ മനസിലാക്കണം. ഈ അന്തരീക്ഷം അവനെ ഒരു മികച്ച കളിക്കാരനായും മനുഷ്യനായും വളരാൻ സഹായിക്കും. അവന് അത്ഭുതകരമായ പ്രതിഭയുണ്ട്, എങ്കിലും ഇത്രയും കടുത്ത മത്സരമുള്ള സാഹചര്യത്തിൽ അവൻ തന്‍റെ അവസരത്തിനായി ക്ഷമയോടെ കാത്തിരിക്കണമെന്നും സാബാ കരീം കൂട്ടിച്ചേർത്തു. മുതിർന്ന ഇന്ത്യൻ താരം ചേതേശ്വർ പൂജാരയും സബ കരീമിന്റെ അഭിപ്രായത്തോട് യോജിച്ചു.
ഇന്ത്യൻ ടീമിന്‍റെ 15 അംഗ സ്ക്വാഡിന്റെ ഭാഗമാകുക എന്നത് തന്നെ വൈഭവിനെ സംബന്ധിച്ച് ഒരു സ്വപ്നസാഫല്യമാണ്. സീനിയർ താരങ്ങൾക്കും പരിശീലകർക്കുമൊപ്പം പരിശീലനം നടത്താനും അവരിൽ നിന്ന് കാര്യങ്ങൾ പഠിക്കാനും അവന് സാധിക്കുന്നുണ്ട്. അവൻ അസാധാരണ പ്രതിഭയാണ്, സംശയമില്ല. പക്ഷേ ഫസ്റ്റ് ഇലവനിൽ കളിക്കാൻ അവൻ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്ന് പൂജാര വ്യക്തമാക്കി. നിലവിൽ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായി ഇന്ത്യൻ ടീം ഇംഗ്ലണ്ടിലാണുള്ളത്. ഡർഹാമിൽ നടന്ന ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച നടക്കും.
