അര്‍ദ്ധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയാണ് സണ്‍റൈസേഴ്സിന്‍റെ ടോപ് സ്കോറര്‍
ഹൈദരാബാദ്: ഐപിഎല്ലില് സണ്റൈസേഴ്സ് ഹൈദരാബാദിനെതിരെ കിംഗ്സ് ഇലവന് പഞ്ചാബിന് 133 റണ്സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്റൈസേഴ്സ് 20 ഓവറില് ആറ് വിക്കറ്റ് നഷ്ടത്തില് 132 റണ്സെടുത്തു. നാല് ഓവറില് 14 റണ്സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസര് അങ്കിത് രജ്പൂതാണ് സണ്റൈസേഴ്സിനെ തകര്ത്തത്. അര്ദ്ധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയാണ് സണ്റൈസേഴ്സിന്റെ ടോപ് സ്കോറര്.
ടോസ് നേടി ഫില്ഡിംഗ് തെരഞ്ഞെടുത്ത അശ്വിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് കിംഗ്സ് ഇലവന് പഞ്ചാബ് ബൗളര്മാര് കാഴ്ച്ചവെച്ചത്. മൂന്ന് മുന്നിര വിക്കറ്റുകള് വീഴ്ത്തി പേസര് അങ്കിത് രജ്പൂത് നായകന്റെ പ്രതീക്ഷ കാത്തു. അക്കൗണ്ട് തുറക്കും മുമ്പ് സണ്റൈസേഴ്സ് നായകന് വില്യംസണ് പുറത്ത്. മൂന്നാം ഓവറില് ധവാനും(11), അഞ്ചാം ഓവറില് സാഹയും(6) പുറത്തായതോടെ സണ്റൈസേഴ്സ് 27-3.
നാലാം വിക്കറ്റില് പ്രതിരോധിച്ച് കളിച്ച ഷാക്കിബ്- പാണ്ഡെ സഖ്യത്തിലായി സണ്റൈസേഴ്സിന്റെ പ്രതീക്ഷകള്. അധികം പരിക്കുകളില്ലാതെ ഇരുവരും സ്കോര് ബോര്ഡ് ചലിപ്പിച്ചെങ്കിലും 29 പന്തില് 28 റണ്സെടുത്ത ഷാക്കിബിനെ പുറത്താക്കി മുജീബ് മത്സരം വീണ്ടും പഞ്ചാബിന് അനുകൂലമാക്കി. എന്നാല് ഒരറ്റത്ത് ക്ഷമ വിടാതെ കളിച്ച മനീഷ് പാണ്ഡെ 17-ാം ഓവറില് സണ്റൈസേഴ്സിനെ 100 കടത്തി.
പാണ്ഡെയും യുസഫ് പഠാനും ക്രീസില് നില്ക്കുമ്പോള് അവസാന മൂന്ന് ഓവറില് കൂറ്റനടികള് പ്രതീക്ഷിച്ചു സണ്റൈസേഴ്സ് ആരാധകര്. അശ്വിന് എറിഞ്ഞ 18-ാം ഓവറില് 13 റണ്സ്. ടൈയുടെ പത്തൊമ്പതാം ഓവറില് നേടാനായത് ഒമ്പത് റണ്സ് മാത്രം. രജ്പുതിന്റെ അവസാന ഓവറില് അര്ദ്ധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയും(54) പുറത്തായി. ഇതോടെ സണ്റൈസേഴ്സ് പോരാട്ടം 132ല് ഒതുങ്ങുകയായിരുന്നു.
