ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഇറങ്ങുന്നത് മുഖം രക്ഷിക്കാന്‍ 

ദില്ലി: ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്- സണ്‍റൈസേഴ്സ് ഹൈദരാബാദ് പോരാട്ടം. 10 കളിയില്‍ 16 പോയിന്‍റുമായി ഒന്നാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഇന്ന് ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമാകാം. 10 മത്സരങ്ങളില്‍ മൂന്നില്‍ മാത്രം ജയിച്ച ഡല്‍ഹി ഡെയര്‍ഡെവിള്‍സ് അവസാന സ്ഥാനത്താണ്. 

അടുത്ത നാല് കളിയും ജയിച്ച് 14 പോയിന്‍റിലെത്തിയാലും ഡല്‍ഹി പ്ലേ ഓഫ് കളിക്കുമെന്ന് ഉറപ്പില്ല. മരണമുഖത്ത് നില്‍ക്കുന്ന ഡെയര്‍ഡെവിള്‍സിന് ശ്രേയസ് അയ്യരുടെയും റിഷഭ് പന്തിന്‍റെയും പൃഥ്വി ഷായുടെയും മികച്ച ഫോം പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും നിര്‍ണായക ഘട്ടങ്ങളില്‍ ഫീല്‍ഡിംഗ് പിഴവുകള്‍ ആവര്‍ത്തിക്കുന്നത് വെല്ലുവിളിയാണ്. അമിത് മിശ്രയ്ക്ക് പിന്തുണ നല്‍കാന്‍ ഒരു സ്പിന്നര്‍ക്ക് കൂടി ഡല്‍ഹി അവസരം നല്‍കിയേക്കും.

ചെറിയ സ്കോര്‍ പോലും പ്രതിരോധിക്കുന്നതില്‍ സമര്‍ത്ഥരായ സണ്‍റൈസേഴ്സിന്‍റെ ബൗളിംഗ് നിര ലീഗിലെ മികച്ചതാണ്. കെയിന്‍ വില്യംസന്‍റെ സ്ഥിരതയും യൂസഫ് പഠാനെയും ഷക്കിബിനെയും പോലുള്ളവര്‍ അത്യാവശ്യ ഘട്ടങ്ങളില്‍ തിളങ്ങുന്നതും മൂഡിയുടെ ടീമിന് മേല്‍ക്കൈ നല്‍കും. ഹൈദരാബാദില്‍ ഇരുടീമുകളും മുമ്പ് ഏറ്റുമുട്ടിയപ്പോള്‍ സണ്‍റൈസേഴ്സ് ജയിച്ചിരുന്നു.