മത്സരത്തിലെ ആദ്യ പന്ത് നോബോള്‍ എറിഞ്ഞ് ബിന്നി

പുനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍ നിരയിലെ ഓള്‍റൗണ്ടറാണ് സ്റ്റുവര്‍ട്ട് ബിന്നി. ബാറ്റും പന്തും കൊണ്ട് മികച്ച പ്രകടനങ്ങള്‍ നടത്താന്‍ കഴിവുള്ള താരമാണ് ഈ മുപ്പത്തിമൂന്നുകാരന്‍. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ പന്തെടുത്തപ്പോള്‍ അത്ര സുഖകരമല്ലാത്ത റെക്കോര്‍ഡിന് സ്റ്റുവര്‍ട്ട് ബിന്നി ഉടമയാകുന്നതാണ് കണ്ടത്.

ചെന്നൈ ഇന്നിംഗ്സിലെ ആദ്യ പന്ത് തന്നെ നോബോള്‍ എറിഞ്ഞാണ് ബിന്നി തുടങ്ങിയത്. വീണ്ടുമെറിഞ്ഞ പന്ത് വാട്‌സണ്‍ ബൗണ്ടറിയിലേക്ക് പായിക്കുകയും ചെയ്തു. ഐപിഎല്‍ ചരിത്രത്തില്‍ മുമ്പ് ഒരു തവണ മാത്രമാണ് മത്സരത്തിലെ ആദ്യ പന്ത് നോബോള്‍ ആയിട്ടുള്ളത്. 2017ല്‍ സണ്‍റൈസേഴ്സ്- ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് മത്സരത്തില്‍ വാര്‍ണര്‍ക്കെതിരെ ജയന്ത് യാദവ് ആദ്യ പന്ത് നോബോള്‍ എറിഞ്ഞിരുന്നു. 

മത്സരത്തില്‍ രണ്ട് ഓവര്‍ പന്തെറിഞ്ഞ താരം 33 റണ്‍സ് വഴങ്ങുകയും ചെയ്തു. രാജസ്ഥാന്‍ റോയല്‍സ് നിരയില്‍ കൂടുതല്‍ അടി വാങ്ങിയത് ബിന്നിയാണ്. വിക്കറ്റുകളൊന്നും നേടാനും രാജസ്ഥാന്‍ റോയല്‍സ് താരത്തിനായില്ല.