മലയാളി താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നത് കാത്ത് ആരാധകര്‍ 

ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. വൈകീട്ട് നാലിന് രാജസ്ഥാന്‍ ഹൈദരാബാദിനെയും, രാത്രി എട്ടിന് കൊല്‍ക്കത്ത ബാംഗ്ലൂരിനെയും നേരിടും. സീസണിലാദ്യമായി രണ്ട് മലയാളി താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നതിന് ജയ്പൂര്‍ വേദിയായേക്കും. രാജസ്ഥാന്‍ റോയല്‍സ് റണ്‍വേട്ടയില്‍ ഒന്നാമനായ സ‍ഞ്ജു വി സാംസണിനെതിരെ ഹൈദരാബാദ് പേസര്‍ ബേസില്‍ തമ്പി പന്തെറിയുന്നത് കാണാനുളള കാത്തിരിപ്പിലാണ് കേരളത്തിലെ ആരാധകര്‍. 

ഏഴ് കളിയില്‍ ഹൈദരാബാദിന് അഞ്ചും ആറ് കളിയില്‍ രാജസ്ഥാന് മൂന്നും ജയം വീതമാണുള്ളത്. വിജയവഴിയില്‍ തിരിച്ചെത്താനുള്ള മോഹവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍ വരുന്നത് ഈഡന്‍ ഗാര്‍ഡന്‍സില്‍. 200ന് മുകളില്‍ സ്കോര്‍ ചെയ്താലും ജയിപ്പിക്കാന്‍ കഴിയാത്ത ബൗളിംഗ് നിരയാണ് കോലിപ്പടയുടെ ദൗര്‍ബല്യം. ബാറ്റിംഗിലും ഡിവിലിയേഴ്സും കോലിയും തന്നെയാണ് ബാംഗ്ലൂരിന്‍റെ ആശ്രയം. 

അതേസമയം ആന്ദ്രേ റസലിന്‍റെ കൂറ്റനടികള്‍ എപ്പോഴും രക്ഷയ്ക്കെത്തില്ലെന്ന് കൊല്‍ക്കത്ത മനസ്സിലാക്കുന്നത് നല്ലതാകും. ലിന്നും ഉത്തപ്പയും കാര്‍ത്തിക്കും റാണയും ഇടയ്ക്കിടെ മാത്രം തിളങ്ങുന്നത് കാല്ലിസിന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നുണ്ട്. ഇരുടീമും നേരത്തേ നേര്‍ക്കുനേര്‍ വന്നപ്പോള്‍ കൊല്‍ക്കത്തയ്ക്കായിരുന്നു ജയം.