ഡല്‍ഹിക്കെതിരായ മത്സര ശേഷം എബിഡിയെ അഭിനന്ദിച്ച് കോലിയുടെ ട്വീറ്റ്

ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ കോലി- എബിഡി കരുത്തില്‍ കീഴടക്കുകയായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. മികച്ച കൂട്ടുകെട്ടിലൂടെ ഒരിക്കല്‍ കൂടി ഐപിഎല്ലിലെ സ്വപ്‌ന ജോഡിയായി മാറി കോലി- എബിഡി സഖ്യം. ഇരുവരും ചേര്‍ന്ന് 64 പന്തില്‍ നേടിയ 118 റണ്‍സാണ് ബാംഗ്ലൂരിന്‍റെ വിജയത്തില്‍ നിര്‍ണായകമായത്.

മത്സരത്തില്‍ കോലി 40 പന്തില്‍ 70 റണ്‍സും എബിഡി പുറത്താകാതെ 37 പന്തില്‍ 72 റണ്‍സും എടുത്തു. 19-ാം ഓവറിലെ അവസാന പന്തില്‍ തനത് ശൈലിയില്‍ സിക്സര്‍ പറത്തി എബിഡി ബാംഗ്ലൂരിനെ വിജയിപ്പിക്കുകയായിരുന്നു. 182 റണ്‍സായിരുന്നു ഡല്‍ഹി ഉയര്‍ത്തിയ വിജയലക്ഷ്യം. മത്സരശേഷം എബിഡി വെടിക്കെട്ടിനെ കുറിച്ചുള്ള കോലിയുടെ ട്വീറ്റ് ആരാധകരുടെ കയ്യടി നേടി.

എബിഡിക്കൊപ്പം ബാറ്റ് ചെയ്യുന്നത് എപ്പോഴും ആസ്വദിക്കുന്നതായി കോലി പറയുന്നു. "എബിഡി ബാറ്റ് ചെയ്യുമ്പോള്‍ നോണ്‍ സ്‌ട്രൈക്കര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകുന്നു. ഇന്ന് മറ്റൊരു മികച്ച കൂട്ടുകെട്ട് എബിഡിക്കൊപ്പം പടുത്തുയര്‍ത്താനായി"- ട്വീറ്റില്‍ കോലി കുറിച്ചു. ഐപിഎല്ലില്‍ ഇത് എട്ടാം തവണയാണ് ഇരുവരും ചേര്‍ന്ന് 100ലധികം റണ്‍സിന്‍റെ കൂട്ടുകെട്ട് സൃഷ്ടിക്കുന്നത്.

Scroll to load tweet…