തൊണ്ണൂറ്റിമൂന്നുകാരനായ ആരാധകനെ കണ്ട് അമ്പരന്ന് സെവാഗ്
ചണ്ഡിഗഢ്: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റിംഗ് വിസ്‌ഫോടനങ്ങളിലൊന്നാണ് മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. അക്രമണോത്സുക ശൈലി കൊണ്ട് ടെസ്റ്റ് ക്രിക്കറ്റിലേക്ക് കാണികളെ തിരികെ കൊണ്ടുവന്ന താരങ്ങളിലൊരാളാണ് വീരു. തെല്ല് ഭയമില്ലാതെ ബൗളര്‍മാരെ തലങ്ങുംവിലങ്ങും ശിക്ഷിക്കുന്ന വീരു ശൈലിക്ക് ക്രിക്കറ്റില്‍ വലിയ പിന്തുണയാണുള്ളത്.
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും ആരാധകര്‍ക്കിടയില്‍ സൂപ്പര്‍ താരമായി തുടരുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍. ക്രീസിന് പുറത്ത് ട്വിറ്ററില്‍ വെടിക്കെട്ട് തുടരുന്ന സെവാഗിന് ചുറ്റും ഇപ്പോഴും വലിയ ആരാധകക്കൂട്ടമുണ്ട്. ഐപിഎല്ലില്‍ വീരുവിനെ കാണാനെത്തിയ 93കാരനായ ആരാധകന്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു.
തൊണ്ണൂറ്റിമൂന്ന് വയസ് പ്രായമുള്ള ഓം പ്രാകാശാണ് വീരുവിനെ നേരില്‍ കാണാന്‍ സ്റ്റേഡിയത്തിലെത്തിയത്. അതും പാട്യാലയില്‍ നിന്ന് ചണ്ഡിഗഢ് വരെ യാത്ര ചെയ്ത്. ഇഷ്ട ക്രിക്കറ്റ് താരത്തെ കാണാനായതിന്‍റെ അഹ്ലാദം ഓം പ്രകാശിന് അടക്കാനായില്ല. തന്‍റെ വലിയ ആരാധകനെ കണ്ട വീരുവും സന്തോഷം മറച്ചുവെച്ചില്ല. ഓം പ്രാകാശിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച വീരു കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്തു. ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും സെവാഗ് മറന്നില്ല.
സെവാഗിന്‍റെ ആരാധകനെ കണ്ട കിംഗ്സ് ഇലവന്‍ ടീമിനും ആശ്ചര്യം അടക്കാനായില്ല. സെവാഗിനൊപ്പം കിംഗ്സ് ഇലവനും ഇരുവരുടെയും ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ക്രിക്കറ്റ് കളിക്കളത്തില്‍ വീരുവിന്‍റെ സാന്നിധ്യം ഇപ്പോഴും സജീവമാണ്. ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍റെ ഉപദേശകനാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍.
