രോഹിത് ശര്‍മ്മയുടെ മത്സരങ്ങള്‍ കാണാനായി മാത്രം ഒരു ആരാധകന്‍ ഇന്ത്യയില്‍

മുംബൈ: വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് വളരെയധികം ആരാധകരെ സൃഷ്ടിച്ച താരമാണ് ഇന്ത്യയുടെ രോഹിത് ശര്‍മ്മ. ഇന്ത്യയ്ക്ക് പുറമെ ശ്രീലങ്കയിലും ഹിറ്റ്മാന് വലിയ ആരാധകക്കൂട്ടമുണ്ട്. രോഹിതിന്‍റെ കടുത്ത ആരാധകനായ ശ്രീലങ്കന്‍ സ്വദേശി താരത്തിന്‍റെ ഐപിഎല്‍ മത്സരങ്ങള്‍ കാണാനായി മാത്രം വീണ്ടും ഇന്ത്യയിലെത്തിയിരിക്കുകയാണ്. 

രോഹിത് ശര്‍മ്മയുടെ കടുത്ത ആരാധകനായ മുഹമ്മദ് നിലാമിനെ ക്രിക്കറ്റ് പ്രേമികള്‍ മറക്കാനിടയില്ല. ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിനിടയില്‍ രോഹിതിന്‍റെ കളി കാണാന്‍ ഇയാള്‍ എത്തിയിരുന്നു. എന്നാല്‍ പിതാവിന് അര്‍ബുദം ബാധിച്ചതിനാനാല്‍ പരമ്പരയ്ക്കിടെ അടിയന്തിരമായി നിലാമിന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. ജന്‍മദേശമായ കൊളംബോയിലേക്ക് മടങ്ങാന്‍ രോഹിത് ശര്‍മ്മയാണ് അന്ന് നിലാമിന് ടിക്കറ്റ് നല്‍കിയത്. നിദാഹാസ് ട്രോഫിക്കിടെ നിലാമിന്‍റെ വീട് രോഹിത് ശര്‍മ്മ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

രോഹിത് ശര്‍മ്മയോടുള്ള ഇഷ്ടം കൊണ്ട് മത്സരങ്ങള്‍ കാണാന്‍ ഒരിക്കല്‍ കൂടി ഇന്ത്യയിലെത്തിയിരിക്കുകയാണ് ഈ ശ്രീലങ്കക്കാരന്‍. രോഹിത് ശര്‍മ്മയോടുള്ള ആരാധനയെ കുറിച്ച് സംസാരിക്കുന്ന നിലാമിന്‍റെ വീഡിയോ മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ടിട്ടുണ്ട്. രോഹിതിന്‍റെ ആരാധകര്‍ ആവേശത്തോടെയാണ് ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.