ബ്രണ്ടന്‍ മക്കുല്ലത്തെ കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ റിലീസ് ചെയ്തിരുന്നു. എന്നാല്‍ ടീമിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നു എക്കാലത്തെയും വലിയ വെടിക്കെട്ട് ബാറ്റ്സ്‌മാന്‍മാരിലൊരാള്‍...
ബെംഗളൂരു: കഴിഞ്ഞ ഐപിഎല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ താരപ്പെരുമകളിലൊന്നായിരുന്നു മുന്‍ ന്യൂസീലന്‍ഡ് താരം ബ്രണ്ടന്‍ മക്കുല്ലം. എന്നാല്‍ ഇക്കുറി നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോള്‍ മക്കുല്ലത്തിന്‍റെ പേരുണ്ടായിരുന്നില്ല. മക്കുല്ലം അടക്കം 10 താരങ്ങളെയാണ് റോയല്‍ ചലഞ്ചേഴ്‌സ് നിലനിര്‍ത്താതിരുന്നത്.

ഒഴിവാക്കിയെങ്കിലും നായകന്‍ വിരാട് കോലിക്കും ടീമിനും നന്ദിപറഞ്ഞിരിക്കുകയാണ് മക്കുല്ലം. കോലിക്കും ടീമിനും നന്ദി പറയുന്നു. റോയല്‍ ചലഞ്ചേഴ്‌സില്‍ അവസാന സീസണുകള്‍ ആസ്വദിച്ചു. വരും സീസണിന് എല്ലാവിധ ആശംസകളും നേരുന്നു- ട്വിറ്ററില്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ കുറിച്ചു. പുറത്താക്കിയിട്ടും ടീമിന് നന്ദി പറഞ്ഞുള്ള മക്കുല്ലത്തിന്‍റെ ആശംസയ്ക്ക് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകരില്‍ നിന്ന് ലഭിക്കുന്നത്.
ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയം താങ്കളെ മിസ് ചെയ്യുമെന്നായിരുന്നു മക്കുല്ലത്തിന്‍റെ ട്വീറ്റിന് റോയല്‍ ചലഞ്ചേഴ്‌സിന്‍റെ മറുപടി. കഴിഞ്ഞ സീസണില്‍ ആറ് മത്സരങ്ങള്‍ കളിച്ച മക്കല്ലം 127 റണ്‍സാണ് നേടിയത്. ഐപിഎല്ലില്‍ 2018 മുതല്‍ കളിക്കുന്ന താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, കൊച്ചി ടസ്‌കേര്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, ഗുജറാത്ത് ലയണ്‍സ് ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.
