വെറും രണ്ട് കോടി രൂപയ്ക്കാണ് യുവ്‌രാജ് സിംഗിനെ മുംബൈ ഇന്ത്യന്‍സ് ലേലത്തില്‍ സ്വന്തമാക്കിയത്. യുവിയിലൂടെ ടീം ലക്ഷ്യമിടുന്നത് വലിയ കാര്യങ്ങള്‍...

മുംബൈ: മുന്‍ ഇന്ത്യന്‍ താരം യുവ്‌രാജ് സിംഗിന് ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് സഹീര്‍ ഖാന്‍. രണ്ട് കോടിക്ക് സ്വന്തമാക്കിയ യുവി ടീമിന് മുതല്‍ക്കൂട്ടാകുമെന്ന് മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറായ സഹീര്‍ വ്യക്തമാക്കി. യുവി ടീമിലെത്തുന്നതിന്‍റെ ആകാംക്ഷയിലാണ് മുംബൈ ഇന്ത്യന്‍സെന്നും സഹീര്‍ പറഞ്ഞു. 

പരിചയസമ്പന്നരായ മധ്യനിരയെ ആയിരുന്നു ടീമിനാവശ്യം. ഇതിനാല്‍ ഹനുമാ വിഹാരിക്കായി ശക്തമായി ലേലം വിളിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ വിഹാരിയുടെ പരിചയസമ്പത്തായിരുന്നു കാരണം. എന്നാല്‍ വിഹാരിയെ സ്വന്തമാക്കാനായില്ല. എങ്കിലും യുവി തങ്ങളെ സന്തോഷിപ്പിച്ചു. വളരെയധികം അനുഭവസമ്പത്തുള്ള വെടിക്കെട്ട് ബാറ്റ്സ്‌മാനാണ് യുവ്‌രാജ്. ഇത് ടീമിന് മുതല്‍ക്കൂട്ടാണെന്നും സഹീര്‍ ഖാന്‍ പറഞ്ഞു.