ഐപിഎല്ലില്‍ ക്രിസ് ഗെയ്ല്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് ഇറാഖ് തോമസ് തകര്‍ത്തത്. പൂനെ വാരിയേഴ്‌സിനെതിരെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനുവേണ്ടി 30 പന്തിലാണ് ഗെയ്ല്‍ സെഞ്ച്വറി നേടിയത്. ടൊബാഗോയില്‍ സ്‌ക്രാബോറോയ്‌ക്ക് വേണ്ടി കളിച്ച ഇറാഖ് തോമസ് 15 സിക്‌സറും അഞ്ചു ബൗണ്ടറികളും അടിച്ചുകൂട്ടിയാണ് റെക്കോര്‍ഡ് സെഞ്ച്വറിയിലെത്തിയത്. ഇറാഖ് തോമസിന്റെ ഇന്നിംഗ്സിനിടെ പന്ത് സ്റ്റേഡിയത്തിലേക്ക് പോയതിനാല്‍ മൂന്നു തവണയാണ് അംപയര്‍മാര്‍ക്ക് പുതിയ പന്ത് എടുക്കേണ്ടിവന്നത്. 31 പന്തില്‍ 131 റണ്‍സുമായി ഇറാഖ് തോമസ് പുറത്താകാതെ നിന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏതെങ്കിലുമൊരു ഫോര്‍മാറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയും ഇതാണ്.
കഴിഞ്ഞദിവസം നടന്ന മല്‍സരത്തില്‍ 53 പന്തില്‍ 97 റണ്‍സെടുത്തും ഇറാഖ് തോമസ് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഏകദിനത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെ പേരിലാണ്. 31 പന്തിലാണ് ഡിവില്ലിയേഴ്‌സ് അതിവേഗ സെഞ്ച്വറി നേടിയത്. കെയ്റോന്‍ പൊള്ളാര്‍ഡ്, ഡ്വെയ്ന്‍ ബ്രാവോ, സുനില്‍ നരെയ്ന്‍ തുടങ്ങി വിന്‍ഡീസ് ക്രിക്കറ്റിലെ താരങ്ങള്‍ വളര്‍ന്നുവന്ന ക്വീന്‍സ് പാര്‍ക്ക് ക്രിക്കറ്റ് ക്ലബിലൂടെയാണ് ഇറാഖ് തോമസും ശ്രദ്ധേയനാകുന്നത്. അന്തര്‍ദേശീയ ഫുട്ബോള്‍ താരം കൂടിയായ കെന്യ യായ കോര്‍ഡ്‌നറുടെ സഹോദരനാണ് ഇറാഖ് തോമസ്.
