തനിക്കിനിയും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാവുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. പഞ്ചാബിലെ ക്രിക്കറ്റ് അക്കാദമിയില്‍ കുട്ടികളോട് സംസാരിക്കവെയാണ്

ബറോഡ: തനിക്കിനിയും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാവുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. പഞ്ചാബിലെ ക്രിക്കറ്റ് അക്കാദമിയില്‍ കുട്ടികളോട് സംസാരിക്കവെയാണ് ഇന്ത്യന്‍ ടീം പ്രതീക്ഷകള്‍ ഇപ്പോഴും പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെന്ന് 33കാരനായ പത്താന്‍ വ്യക്തമാക്കിയത്.

ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനായി തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ടെന്നും പത്തൊമ്പതാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച പത്താന്‍ പറഞ്ഞു. പ്രതീക്ഷകള്‍ കൈവിടാതെ പൊരുതാനാണ് കുട്ടികള്‍ ശ്രമിക്കേണ്ടതെന്നും പത്താന്‍ പറഞ്ഞു.ആശിഷ് നെഹ്റ 36-ാം വയസില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയതുപോലുള്ള മതൃകകളാണ് പത്താന്റെ മുന്നിലുള്ളത്. അടുത്തിടെ ജമ്മു കശ്മീര്‍ ടീമിന്റെ പരിശീലന ചുമതലയും പത്താന്‍ ഏറ്റെടുത്തിരുന്നു.

സ്വിംഗ് ബൗളറായി അരങ്ങേറ്റംക്കുറിച്ച പത്താന്‍ പിന്നീട് ഓള്‍റൗണ്ടറായും ഓപ്പണിംഗ് ബാറ്റ്സ്മാനായും വരെ ഇറങ്ങി. മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ പത്താന് ഐപിഎല്‍ ടീമിലും പിന്നീട് ഇടം നേടാനായില്ല.