കൗണ്ടി അരങ്ങേറ്റത്തില്‍ ഇശാന്തിന് അഞ്ച് വിക്കറ്റ്

ലണ്ടന്‍: ഒരുകാലത്ത് ഇന്ത്യന്‍ പേസ് ആക്രമണത്തിന്‍റെ കുന്തമുനയായിരുന്നു ഇശാന്ത് ശര്‍മ്മ എന്ന ഉയരക്കാരന്‍. മികച്ച പേസും ഇന്‍സ്വിങറുകളും ഇശാന്തിനെ മറ്റ് ഇന്ത്യന്‍ ബൗളര്‍മാരില്‍ നിന്ന് വ്യത്യസ്തനാക്കി. ടെസ്റ്റ് ക്രിക്കറ്റായിരുന്നു ഇശാന്തിന്‍റെ പേസ് ആക്രമണത്തിന്‍റെ കളിത്തട്ട് എന്ന് പറയാം. ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിംഗിനെ വിറപ്പിച്ച ബൗളര്‍ എന്ന നിലയ്‌ക്ക് ഇശാന്ത് വലിയ ചര്‍ച്ചയായിരുന്നു. 

എന്നാല്‍ പരിക്കും സ്ഥിരത പുലര്‍ത്താനാകാത്തതും ഇശാന്തിന്‍റെ കരിയറിനെ തകിടംമറിച്ചു. ഭുവിയും ഷമിയും ബൂംറയും ഉള്‍പ്പെടെയുള്ള പുത്തന്‍ പേസര്‍മാര്‍ ഇന്ത്യന്‍ കസേരയില്‍ സ്ഥാനമുറപ്പിച്ചതോടെ ദേശീയ കുപ്പായത്തില്‍ ഇടയ്ക്കിടയ്ക്ക് മുഖം കാണിച്ച് മടങ്ങാന്‍ മാത്രമായി ഇശാന്തിന്‍റെ വിധി. ഫോം നഷ്ടപ്പെട്ടതോടെ ഐപിഎല്‍ പതിനൊന്നാം സീസണില്‍ 75 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ സ്വന്തമാക്കാന്‍ ടീമുകള്‍ രംഗത്തുവന്നിരുന്നില്ല. 

ഇക്കുറി ഐപിഎല്ലില്‍ കളിക്കാനാകാത്ത താരം കൗണ്ടി ക്രിക്കറ്റില്‍ ഭാഗ്യപരീക്ഷണം നടത്തുകയാണ്. അഞ്ച് വിക്കറ്റ് നേട്ടവുമായി സ‌സെക്‌നിനായി അരങ്ങേറ്റം ഗംഭീരമാക്കാന്‍ താരത്തിനായി. വാര്‍വിക്ഷൈര്‍ ബാറ്റ്സ്മാന്‍മാരെ വിറപ്പിച്ച ഇന്ത്യന്‍ താരം 29.2 ഓവറില്‍ 69 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി. ജൊനാഥന്‍ ട്രോട്ട്, ഇയാന്‍ ബെല്‍, വില്‍ഫ്രഡ് റോഡ്‌സ്, ആഡം ഹോസ്, ടിം ആംബ്രോസ് എന്നിവരായിരുന്നു ഇശാന്തിന്‍റെ ഇരകള്‍.

കാണാം ഇശാന്തിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനം