കൊല്‍ക്കത്ത: ഐഎസ്‌എല്ലില്‍ അമര്‍ തൊമാര്‍ കൊല്‍ക്കത്തയെ തകര്‍ത്ത് പൂനെ സിറ്റി എഫ്‌സി. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു പൂനെയുടെ ജയം.കൊൽക്കത്തയുടെ ഹോം മൈതാനത്തു നടന്ന മൽസരത്തിലാണ് ഗോൾമഴ സൃഷ്ടിച്ച് പുനെ ‍ഞെട്ടിച്ചത്.

പുണെയ്ക്കായി മാർസലീഞ്ഞോ (13), രോഹിത് കുമാർ (51), എമിലിയാനോ അൽഫാരോ (88) എന്നിവർ സ്കോർ ചെയ്തപ്പോള്‍, കൊൽക്കത്ത താരം ജോർഡി ഫിഗറസിന്റെ (60) സെൽഫ് ഗോളാണ് പട്ടിക പൂർത്തിയാക്കിയത്. കൊൽക്കത്തയുടെ ആശ്വാസ ഗോൾ ബിപിൻ സിങ് (50) നേടി.

സീസണിലെ ആദ്യ മൽസരത്തിൽ ഡൽഹി ഡൈനാമോസിനോട് വാശിയേറിയ പോരാട്ടത്തിൽ തോൽവി സമ്മതിച്ച പുനെ സിറ്റി എഫ്സി, അതിന്റെ വിഷമമൊക്കെയും മറക്കുന്ന പ്രകടനമാണ് നിലവിലെ ചാംപ്യൻമാരായ കൊൽക്കത്തയ്ക്കെതിരെ പുറത്തെടുത്തത്. ആദ്യ മൽസരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനോട് സമനില വഴങ്ങിയ കൊൽക്കത്ത തോല്‍വിയോടെ പോയന്റ് പട്ടികയില്‍ ഒൻപതാം സ്ഥാനത്തേക്ക് വീണു.