ഐഎസ്എല്‍ അടുത്ത സീസണില്‍ അനസിന് ആദ്യ മൂന്ന് മത്സരങ്ങള്‍ കളിക്കാനാവില്ല. ഇത് കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയെ പ്രതികൂലമായി ബാധിച്ചേക്കാം...

കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി മലയാളി ഡിഫന്‍റര്‍ അനസ് എടത്തൊടിക ബൂട്ടണിയുന്നത് വൈകും. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ മൂന്ന് മത്സരങ്ങള്‍ അനസിന് നഷ്ടമാകും. സൂപ്പര്‍ കപ്പില്‍ എഫ്‌സി ഗോവ- ജെംഷഡ്പൂര്‍ എഫ്‌സി മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്നുള്ള വിലക്കാണ് അനസിന് തിരിച്ചടിയായത്. കൊല്‍ക്കത്തയ്ക്കെതിരായ ഉദ്ഘാടന മത്സരമടക്കം മൂന്ന് മത്സരങ്ങളിലാണ് 31കാരനായ താരത്തിന് പുറത്തിരിക്കേണ്ടിവരിക. 

മത്സരത്തില്‍ ഇരുടീമിലെയും മൂന്ന് താരങ്ങള്‍ക്ക് വീതം ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു. തുടര്‍ന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍റെ അച്ചടക്ക കമ്മിറ്റി താരങ്ങളെ വിലക്കുകയായിരുന്നു. അനസിനും മറ്റൊരു താരത്തിനും പിഴയും ചുമത്തിയിരുന്നു. എന്നാല്‍ അനസിന് മഞ്ഞക്കുപ്പായത്തിലെ മത്സരങ്ങള്‍ നഷ്ടപ്പെടുന്നത് കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായേക്കും. ഐഎസ്എല്ലില്‍ ആദ്യമായി ഹോം ടീമിനായി കളിക്കാനൊരുങ്ങുന്ന അനസ് കഴിഞ്ഞ സീസണില്‍ ജെംഷഡ്പൂരിലും അതിന് മുന്‍പ് ഡൈനമോസിലുമാണ് കളിച്ചത്.