ചെന്നൈയിന്‍ എഫ്‌സിയെ അവരുടെ തട്ടകത്തില്‍ വീഴ്‌ത്തി എടികെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് എടികെ വിജയിച്ചത്...
ചെന്നൈ: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിയെ അവരുടെ തട്ടകത്തില്‍ വീഴ്‌ത്തി എടികെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. പന്ത് കൈയില്‍ തട്ടിയതിന് രണ്ട് പെനാല്‍റ്റികള്‍ കണ്ട മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് എടികെ വിജയിച്ചത്. ജയത്തോടെ എടികെ അഞ്ചാമതെത്തിയപ്പോള്‍ ചെന്നൈയിന്‍ എട്ടാം സ്ഥാനത്താണ്.
പതിനാലാം മിനുറ്റില്‍ ജയേഷ് റാണയുടെ ലേംങ് റേഞ്ച് ഗോളില്‍ എടികെ തുടക്കം മിന്നിച്ചു. എന്നാല്‍ എടികെയുടെ ആഘോഷം 10 മിനുറ്റേ നീണ്ടുനിന്നുള്ളൂ. തോയ് സിംഗിലൂടെ ചെന്നൈയിന്‍ ആശ്വാസ സമനില പിടിച്ചു. ഇതോടെ മത്സരം കൂടുതല്‍ ആവേശമായി. ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനുറ്റ് ശേഷിക്കേ കിട്ടിയ പെനാല്‍റ്റി വലയിലെത്തിച്ച് ലാന്‍സറോട്ടേ എടികെയെ വീണ്ടും മുന്നിലെത്തിച്ചതോടെ കളിക്ക് ചൂടന്‍ ഇടവേള.
രണ്ടാം പകുതിയും ആവേശം ചോര്‍ന്നുപോയില്ല. 80-ാം മിനുറ്റില്‍ എടികെയ്ക്ക് കളിയിലെ രണ്ടാം പെനാല്‍റ്റി ഭാഗ്യമുണ്ടായി. ടീമിലെ വിശ്വസ്തന്‍ ലാന്‍സറോട്ടേ എടുത്ത കിക്ക് സംശയമേതുമില്ലാതെ വലയെ ചുംബിച്ചു. ഇതോടെ എടികെ 3-1ന് മുന്നില്‍. എന്നാല്‍ 88-ാം മിനുറ്റില്‍ ഐസക്കിന്‍റെ ഗോള്‍ വലിയ നാണക്കേടില്‍ നിന്ന് ചെന്നൈയിനെ രക്ഷിച്ചു.
