ഐഎസ്എല്‍ നാലാം സീസണിലെ സൂപ്പര്‍ നാമങ്ങളിലൊന്നാണ് ടീം കാഹില്‍. ജെംഷഡ്പൂര്‍ എഫ്‌സി സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ ഇതിഹാസം നയം വ്യക്തമാക്കുന്നു. മാര്‍ക്വീ താരമായി മാത്രം ചുരുങ്ങാന്‍ താല്‍പര്യപ്പെടുന്നില്ല എന്നാണ് കാഹില്‍ പറയുന്നത്. 

ജെംഷഡ്പൂര്‍: ഐഎസ്എല്‍ അഞ്ചാം സീസണില്‍ പന്ത് തട്ടുന്ന ശ്രദ്ധേയ താരങ്ങളിലൊരാളാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസം ടിം കാഹില്‍. ഇംഗ്ലീഷ് ക്ലബ് എവര്‍ട്ടന്‍റെ ഇതിഹാസ താരം വളരെയധികം പ്രതീക്ഷയോടെയാണ് ജെംഷഡ്പൂര്‍ എഫ്‌സിക്കായി കളിക്കാനൊരുങ്ങുന്നത്. അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചശേഷം ഇന്ത്യയിലെത്തുന്ന കാഹില്‍ സീസണിന് കിക്കോഫാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ നയം വ്യക്തമാക്കിക്കഴിഞ്ഞു. 

ഒരു മാര്‍ക്വീ താരം എന്നതിനേക്കാള്‍ കഴിവിന്‍റെ പരമാവധി പ്രകടനം പുറത്തെടുക്കാനാണ് ശ്രമമെന്ന് നാല് ലോകകകപ്പും മൂന്ന് ഏഷ്യന്‍ കപ്പുകളും കളിച്ച 38കാരനായ താരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജെംഷഡ്പൂര്‍ എഫ്‌സില്‍ പരിശീലനം നടത്തുന്നതും കളിക്കുന്നതും വലിയ അഭിമാനമാണ്. ഒരു ഐസ്എല്‍ സീസണില്‍ കൃത്യമായ ഇടവേളകളോടെ 18 മത്സരങ്ങള്‍ മാത്രമാണ് കളിക്കേണ്ടത്. അതിനാല്‍ സീസണില്‍ മുപ്പതും നാല്‍പതും മത്സരങ്ങള്‍ കളിച്ച് ശീലിച്ച തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കാഹില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

ഐഎസ്എല്ലില്‍ കളിക്കാനെത്തുന്നതിന്‍റെ ആകാംക്ഷയിലാണ് താനെന്ന് കാഹില്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. നാല് ലോകകപ്പുകളില്‍ ബൂട്ടണിഞ്ഞ സ്‌ട്രൈക്കര്‍ ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററാണ്. 107 കളികളില്‍ 50 ഗോളുകള്‍ നേടിയ താരം റഷ്യന്‍ ലോകകപ്പിനുശേഷമാണ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചത്. എവര്‍ട്ടണിനായി 226 മത്സരങ്ങളില്‍ 56 ഗോളുകള്‍ അടിച്ചുകൂട്ടിയിട്ടുണ്ട്.