ആരാധകര്‍ കാത്തിരുന്ന ആ പ്രഖ്യാപനമെത്തി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വഴിപിരിഞ്ഞപ്പോള്‍ മോഹന്‍ലാലിനെ ബ്രാന്‍ഡ് അംബാസിഡറാക്കി ആരാധകര്‍ക്ക് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ സര്‍പ്രൈസ് ഗിഫ്റ്റ്.  

കൊച്ചി: സര്‍പ്രൈസ് കെട്ടുപൊട്ടിച്ച് ചലച്ചിത്ര വിസ്‌മയം മോഹന്‍ലാലിനെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എല്‍ അഞ്ചാം സീസണിന് മുന്നോടിയായി കൊച്ചിയില്‍ നടന്ന ഔദ്യോഗിക ജഴ്‌സി പ്രകാശന ചടങ്ങിലാണ് മ‍ഞ്ഞപ്പട മാനേജ്മെന്‍റ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ സീസണില്‍ ടീം സഹ ഉടമയായിരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു ബ്രാന്‍ഡ് അംബാസിഡര്‍. 

കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്കൊരു പുതിയ അംഗത്തെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ ബ്ലാസ്റ്റേഴ്‌സ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് സൂചനനല്‍കിയിരുന്നു. ഇതോടെ മഞ്ഞപ്പടയുടെ ജഴ്‌സി പുറത്തിറക്കുന്ന മോഹന്‍ലാല്‍ ആകും സര്‍പ്രൈസ് എന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു. കഴിഞ്ഞ സീസണുകളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് കൂടുതല്‍ ആരാധക പിന്തുണ ഉറപ്പാക്കിയ സച്ചിന്‍റെ ഊര്‍ജം നിലനിര്‍ത്താനാണ് മഞ്ഞപ്പട മോഹന്‍ലാലിനെ അംബാഡിറാക്കിയിരിക്കുന്നത്.