കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ ഫേസ്ബുക്ക് പേജില്‍ അപ്ഡേറ്റ് ചെയ്ത പുതിയ കവര്‍ ചിത്രത്തിനാണ് ആരാധകരുടെ ഇപ്പോഴത്തെ ട്രോളുകള്‍.

കൊച്ചി: പരിശീലകനെ മാറ്റിയിട്ടും കേരള ബ്ലാസ്റ്റേഴ്‌സിന് രക്ഷയില്ല. ഐഎസ്എല്‍ അഞ്ചാം സീസണില്‍ മോശം പ്രകടനം കാഴ്‌ച്ചവെക്കുന്ന ബ്ലാസ്റ്റേഴ്‌സിനെ ട്രോളുകയാണ് ആരാധകര്‍. കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ ഫേസ്ബുക്ക് പേജില്‍ അപ്ഡേറ്റ് ചെയ്ത കവര്‍ ചിത്രത്തിനാണ് ആരാധകരുടെ ഇപ്പോഴത്തെ ട്രോളുകള്‍.

ബ്ലാസ്റ്റേഴ്‌സിന്‍റെ ലോഗോയ്ക്ക് മുകളില്‍ ക്രിസ്‌തുമസ് അപ്പൂപ്പന്‍റെ തൊപ്പി വച്ച രീതിയിലായിരുന്നു ചിത്രം. 'തോറ്റ് തൊപ്പിയിട്ടതാണല്ലേ' എന്നായിരുന്നു ഇതിന് ഒരു ആരാധകന്‍റെ കമന്‍റ്. 'ടീമിന്‍റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പറ്റിയ പെര്‍ഫക്റ്റ് കവര്‍ ഫോട്ടോ' എന്നായിരുന്നു മറ്റൊരു ആരാധകന്‍റെ കമന്‍റ്. 'എഫ്‌ബി പോസ്റ്റിലേക്കല്ല തള്ളേണ്ടത്, എതിരാളിയുടെ പോസ്റ്റിലേക്കാണ് തള്ളേണ്ടത്' എന്നായിരുന്നു മറ്റൊരു ആരാധകന്‍ പറഞ്ഞത്. 

ഇങ്ങനെ ചിരിയുണര്‍ത്തുന്ന നിരവധി കമന്‍റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. സീസണില്‍ 12 മത്സരങ്ങളില്‍ ഒരു ജയവും ആറ് സമനിലയും അഞ്ച് തോല്‍വിയുമായി ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്. മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.