കേരള ഫുട്ബോളിന് നല്‍കിയ സേവനങ്ങള്‍ക്ക് സച്ചിന് നന്ദിയറിയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് മഞ്ഞപ്പട ഫാന്‍സിന്‍റെ വികാരനിര്‍ഭരമായ കുറിപ്പ്. എന്നാല്‍ സച്ചിന്‍ ടീം അംബാസിഡറായി തുടരണമെന്നാണ് ആരാധകരുടെ ആവശ്യം.
കൊച്ചി: ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഓഹരിയുടമയായിരുന്ന സച്ചിൻ ടെൻഡുൽക്കര്‍ക്ക് നന്ദിയറിയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് മഞ്ഞപ്പട ഫാന്‍സ്. നാലു വർഷമായി കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുഖ്യ ആകർഷണമായിരുന്നു ടീമിന്‍റെ സഹ ഉടമ സച്ചിൻ ടെൻഡുൽക്കർ. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിലുണ്ടായിരുന്ന 20 ശതമാനം ഓഹരി കൈമാറിയതോടെയാണ് സച്ചിന്‍ ക്ലബുമായി വേര്‍പിരിഞ്ഞത്. ഇത്രകാലം ക്ലബിന്‍റെ ഐക്കണായിരുന്ന സച്ചിന് നന്ദിയറിയിക്കുകയാണ് മഞ്ഞപ്പടയുടെ ഔദ്യോഗിക ആരാധകക്കൂട്ടം.
'കേരള ഫുട്ബോളിന് നല്‍കിയ സേവനങ്ങള്‍ക്ക് സച്ചിന് നന്ദി പറയുന്നു. നിങ്ങള്‍ ഞങ്ങളുടെ ഹൃദയത്തില്‍ എന്നുമുണ്ടാകും. സച്ചിന്‍റെ തീരുമാനങ്ങളെ ബഹുമാനിച്ച് മുന്നോട്ടുപോകും. എല്ലാ സംരഭങ്ങള്‍ക്കും ആശംസകള്‍ നേരുന്നു. കേരള ഫുട്ബോളിന് നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി പറയുന്നതിനൊപ്പം ബ്ലാസ്റ്റേഴ്‌സിന്‍റെ അംബാസിഡറായി തുടരണമെന്നും അഭ്യര്‍ത്ഥിക്കുന്നു'. മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്‌സ് ഫാന്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.
അഞ്ചാം സീസണിൽ പന്തുരുളാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സച്ചിൻ ടീമുമായി വഴിപിരിഞ്ഞത്. സച്ചിന്‍റെ ഓഹരികൂടി പിവിപി ഗ്രൂപ്പ് സ്വന്തമാക്കി. നിമ്മഗഡ്ഡ പ്രസാദ്, അല്ലു അരവിന്ദ്, നാഗാർജുന, ചിരഞ്ജീവി എന്നിവരുടെ പി വി പി ഗ്രൂപ്പിന് 80 ശതമാനം ഓഹരിയാണ് ബ്ലാസ്റ്റേഴ്സിൽ ഉണ്ടായിരുന്നത്. ബ്ലാസ്റ്റേഴ്സിന്‍റെ ഉമസ്ഥാവകാശം എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഏറ്റെടുക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് സച്ചിൻ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞിട്ടുണ്ട്.
