സ്വന്തം മൈതാനത്ത് എഫ്‌സി ഗോവ ഏകപക്ഷീയമായ അഞ്ച് ഗോളിന് മുംബൈ സിറ്റിയെ പരാജയപ്പെടുത്തി. ഗോവയുടെ പ്രഹരത്തില്‍ പ്രതിരോധിക്കാന്‍ പോലുമാകാതെ കീഴടങ്ങി മുംബൈയ്ക്ക് മടക്കം...
മര്‍ഗാവോ: ഐഎസ്എല്ലിലെ ഗോള്‍മഴയില്‍ മുംബൈ സിറ്റിയെ മുക്കി എഫ്‌സി ഗോവയ്ക്ക് വമ്പന്‍ ജയം. ഏകപക്ഷീയമായ അഞ്ച് ഗോളിനാണ് മുംബൈയെ ഗോവ നാടുകടത്തിയത്. ആറാം മിനുറ്റില്‍ കോറോയുടെ പെനാല്‍റ്റി ഗോളില്‍ മുന്നിലെത്തിയ ഗോവ രണ്ടാം പകുതിയിലാണ് മറ്റു ഗോളുകള്‍ വലയിലാക്കിയത്. സീസണില്‍ ഗോവയുടെ രണ്ടാം ജയമാണിത്.
സ്വന്തം മൈതാനത്ത് സമ്പൂര്‍ണമായിരുന്നു ഗോവയുടെ ജയം. ആദ്യ പകുതിയില്‍ കോറോയുടെ ഗോളില്‍ മുന്നിട്ടുനിന്ന ഗോവയുടെ ലീഡ് 55-ാം മിനുറ്റില്‍ ജാക്കിചന്ദ് സിംഗ് രണ്ടാക്കി. ആറ് മിനുറ്റുകളുടെ ഇടവേളയില്‍ എഡുബേഡിയ മുംബൈയ്ക്ക് മൂന്നാം അടി കൊടുത്തു. 84, 90 മിനുറ്റുകളില്‍ മിഗ്വെല്‍ ഫെര്‍ണാണ്ടസിന്‍റെ ഇരട്ട പ്രഹരം കൂടിയായതോടെ ഗോവയുടെ അഞ്ചടിയില്‍ കളിയവസാനിക്കുകയായിരുന്നു.
മൂന്ന് കളിയില്‍ രണ്ടാം ജയവുമായി ഗോവ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ തോറ്റ മുംബൈ ഏഴാം സ്ഥാനത്താണ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ജെംഷഡ്പൂര്‍ എഫ്‌സിയും തമ്മിലാണ് അടുത്ത മത്സരം.
