മഞ്ഞപ്പട ആരാധകർക്ക് ആഘോഷിക്കാന്‍ ഒരു സന്തോഷവാർത്ത. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബാങ്കോംഗ് എഫ്സിയെ തരിപ്പിണമാക്കിയപ്പോള്‍ മലയാളി താരത്തിനും ഗോള്‍!
ബാങ്കോംഗ്: ഐഎസ്എല്‍ അഞ്ചാം സീസണിന് മുന്നോടിയായി തായ്ലന്‍ഡില്‍ പരിശീലനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് ആരാധകര്‍ക്ക് സന്തോഷവാർത്ത. ട്രൂ അറീനയില്‍ നടന്ന ആദ്യ പ്രീ സീസണ്‍ മത്സരത്തില്‍ മഞ്ഞപ്പട ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബാങ്കോംഗ് എഫ്സിയെ തരിപ്പിണമാക്കി. മലയാളി താരം സഹല്‍ ഗോള്‍ നേടിയെന്നത് മഞ്ഞപ്പട ആരാധകർക്ക് ഇരട്ടിമധുരം നല്‍കുന്നു.
പതിനേഴാം മിനുറ്റില്‍ ഡംഗെല്‍ ബ്ലാസ്റ്റേഴ്സിന്‍റെ ഗോള്‍മഴയ്ക്ക് തുടക്കമിട്ടു. സഹല്‍(70), സ്റ്റൊജാനോവിച്ച്(73), ഖാർപ്പന്‍(80) എന്നിവരിലൂടെ രണ്ടാം പകുതിയിലായിരുന്നു അടുത്ത മൂന്ന് ഗോളുകള്‍. എന്നാല്‍ ബാങ്കോംഗ് എഫ്സിയുടെ മറുപടി 86-ാം മിനുറ്റിലെ പന്‍ബൂന്‍ചൂവിന്‍റെ ഗോളില്‍ ഒതുങ്ങി. 20 ദിവസം തായ്ലന്‍ഡില്‍ ചിലവഴിക്കുന്ന മഞ്ഞപ്പടയ്ക്ക് നാല് പ്രാക്ടീസ് മാച്ചുകള്‍ കൂടി ബാക്കിയുണ്ട്. ടൊയോട്ട യാരിസ് ലീഗിൽ മുൻനിര ടീമുകളായ മെൽബൺ സിറ്റിയെയും ഗിറോണയെയും മഞ്ഞപ്പട നേരിട്ടിരുന്നു.
