ചെന്നൈയിന്‍ എഫ്‌സിക്കെതിരായ ദക്ഷിണേന്ത്യന്‍ ഡെര്‍ബി ഇതിനൊരു അവസരമാണെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍...

കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണില്‍ കിതയ്ക്കുകയാണ് ഡേവിഡ് ജെയിംസ് പരിശീലിപ്പിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്. തുടര്‍ തോല്‍വികളും സമനിലകളും മാറ്റിനിര്‍ത്തിയാല്‍ സീസണില്‍ നേടാനായത് ഒരു വിജയം മാത്രം. ഇതോടെ പരിശീലകനെ മാറ്റണമെന്ന് മഞ്ഞപ്പട ആരാധകര്‍ മുറവിളി കൂട്ടുന്നതിനിടെ പ്രതികരിച്ചിരിക്കുകയാണ് ഡേവിഡ് ജെയിംസ്.

ആത്മവിശ്വാസം കൂട്ടുന്ന തകര്‍പ്പന്‍ ജയമാണ് ബ്ലസ്റ്റേഴ്‌സിന് ഇപ്പോള്‍ ആവശ്യമെന്ന് ജെയിംസ് പറയുന്നു. യുവതാരങ്ങളുടെ ഭാവിയാണ് ടീം ലക്ഷ്യമിടുന്നത്. ഇതാണ് ഇപ്പോള്‍ പിന്തുടരുന്ന തന്ത്രം. ടീമിന്‍റെ ആത്മവിശ്വാസം കൂട്ടാന്‍ കഴിയുന്ന വിജയമാണ് നോട്ടം. ചെന്നൈയിന്‍ എഫ്‌സിക്കെതിരായ ദക്ഷിണേന്ത്യന്‍ ഡെര്‍ബി ഇതിനൊരു മികച്ച അവസരമാണെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പറഞ്ഞു. 

മികച്ച മൂന്ന് ടീമുകളോട് പരാജയപ്പെട്ടത് നിരാശ സമ്മാനിച്ചു. ബെംഗളൂരുവിനോടും ഗോവയോടും തോറ്റത് അംഗീകരിക്കാം. എന്നാല്‍ നോര്‍ത്ത് ഈസ്റ്റിനോട് ലീഡ് നേടിയ ശേഷം പരാജയപ്പെട്ടത് അംഗീകരിക്കാനാവില്ല. ലീഡ് നിലനിര്‍ത്താനാവാത്തതാണ് ടീമിന്‍റെ പ്രശ്‌നം. കളി മെനയുന്നതിലെയും താരങ്ങളെ കൈകാര്യം ചെയ്യുന്നതിലെയും അപാകതയാണിത്. മോശം പ്രകടനത്തിന് കാരണം താരങ്ങളുടെ ഫിറ്റ്‌നസ് പ്രശ്നങ്ങളല്ലെന്നും ഡേവിഡ് ജെയിംസ് വ്യക്തമാക്കി.