സച്ചിന്‍ കൈവിട്ട ബ്ലാസ്റ്റേഴ്‌സിന് ഊര്‍ജമായി ടീം ബ്രാന്‍ഡ് അംബാസിഡര്‍ മോഹന്‍ലാലിന്‍റെ വാക്കുകള്‍. ഉദ്ഘാടന മത്സരത്തില്‍ എടികെയെ രണ്ട് ഗോളിന് തറപറ്റിച്ച ടീമിന് ലാലേട്ടന്‍റെ കയ്യടി. വമ്പന്‍ ജയത്തില്‍ ടീമിനെ നേഞ്ചോട് ചേര്‍ത്ത് സൂപ്പര്‍താരം...
കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എടികെയെ അവരുടെ മൈതാനിയില്‍ രണ്ട് ഗോളിന് തറപറ്റിച്ച കേരള ബ്ലാസ്റ്റേഴ്‌സിനെ അഭിനന്ദിച്ച് ബ്രാന്‍ഡ് അംബാസിഡര്‍ മോഹന്‍ലാല്‍. ബ്ലാസ്റ്റേഴ്‌സ് മുന്‍ പരിശീലകന്‍ കോപ്പലാശാന്‍റെ ഇപ്പോഴത്തെ ടീമിനെതിരായ ത്രസിപ്പിക്കുന്ന വിജയത്തിന് പിന്നാലെ ടീമിനെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. സച്ചിന്‍ കൈയൊഴിഞ്ഞ ടീമിനെ ലാലേട്ടന്‍ കൈപിടിച്ചുയര്‍ത്തുമെന്ന സന്ദേശമാണ് ഈ വാക്കുകള്‍ വ്യക്തമാക്കുന്നത്.
ആദ്യമായാണ് കൊല്‍ക്കത്തയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എടികെയെ മുട്ടുകുത്തിക്കുന്നത്. 76-ാം മിനുറ്റില്‍ സ്റ്റൊജാനോവിച്ചിന്‍റെ ഗോളെന്നുറച്ച ഷോട്ട് പ്രതിരോധത്തില്‍ തട്ടി വഴിതിരിഞ്ഞ എത്തിയപ്പോള്‍ പോപ്ലാറ്റ്‌നിച്ച് തലകൊണ്ട് വലയിലിട്ടു. 86-ാം മിനുറ്റില്‍ സെര്‍ബിയന്‍ താരം സ്റ്റൊജാനോവിച്ച് ലോകോത്തര ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സിന്‍റെ ലീഡ് രണ്ടിലെത്തിച്ചു. എടികെ പ്രതിരോധ താരങ്ങളെ വെട്ടിച്ച് ഗോള്‍ബാറിന്‍റെ വലതുമൂലയിലേക്ക് സ്റ്റൊജാനോവിച്ച് പന്ത് വളച്ചിറക്കുകയായിരുന്നു.
