കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ആകര്‍ഷണമായിരുന്ന താരനിബിഡമായ ഉദ്ഘാട ചടങ്ങ് ഇനിയില്ല. ബോളിവുഡ് താരങ്ങളടക്കം പങ്കെടുക്കുന്ന ഉദ്ഘാടനമായിരുന്നു കഴിഞ്ഞ നാല് സീസണുകളിലും ലീഗിന് കൊഴുപ്പേകിയിരുന്നത്. ഇന്ത്യന്‍ ഫുട്ബോളിന്‍റെ വളര്‍ച്ച ലക്ഷ്യമിടുന്ന ഐഎസ്‌എല്‍ കട്ട ആരാധകരെ ആകര്‍ഷിക്കുന്നതിനായാണ് ഇത് ഒഴിവാക്കുന്നത്. ഇതോടെ ഇന്ത്യന്‍ ലീഗിന് കൂടുതല്‍ പ്രഫഷണലിസം വരുമെന്നും സംഘാടകര്‍ കണക്കുകൂട്ടുന്നു.

ലീഗിന്‍റെ മാറ്റു കൂട്ടുന്നതിനായി അടിമുടി പരിഷ്കാരങ്ങളാണ് ഇക്കുറി നടപ്പാക്കുന്നത്. 10 ടീമുകളും അഞ്ച് മാസം നീണ്ടുനില്‍ക്കുന്ന  ലീഗുമായാണ് ഇക്കുറി ഐഎസ്എല്ലിന് കിക്കോഫാവുക. കൊല്‍ക്കത്തയില്‍ സെപ്റ്റംബര്‍ 29ന് എടികെ- കേരള ബ്ലാസ്റ്റേഴ്‌സ് പോരാട്ടത്തോടെ സീസണിന് തുടക്കമാകും. സീസണിനിടെ മൂന്ന് ഇടവേളകള്‍ വരുന്നതും ഇത്തവണത്തെ സവിശേഷതയാണ്. ചെന്നൈയിന്‍ എഫ്‌സിയാണ് നിലവിലെ ചാമ്പ്യന്‍മാര്‍.