Asianet News MalayalamAsianet News Malayalam

ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി; സൂപ്പര്‍ താരങ്ങള്‍ കൂട്ടത്തോടെ ക്ലബ്ബ് വിടാനൊരുങ്ങുന്നു

ബ്ലാസ്റ്റേഴ്സുമായി ഒന്നരവര്‍ഷത്തെ കരാര്‍ ബാക്കി നില്‍ക്കെയാണ് ജിങ്കാന്‍ ക്ലബ്ബ് വിടാനൊരുങ്ങുന്നത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നല്‍കിയ വാഗ്ദാനം നിരസിച്ച ജിങ്കാന്‍ ബ്ലാസ്റ്റേഴ്സില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. 2014 മുതല്‍ ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തനായ കാവല്‍ക്കാരനാണ് ജിങ്കാന്‍.

 

ISL 2019 Kerala Blasters super stars likely to leave the club
Author
Kochi, First Published Dec 27, 2018, 2:41 PM IST

കൊച്ചി: ഐഎസ്എല്ലില്‍ തുടര്‍ പരാജയങ്ങളില്‍ പ്രതിസന്ധിയിലായ കേരളാ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായി സൂപ്പര്‍ താരങ്ങള്‍ കൂട്ടത്തോടെ ക്ലബ്ബ് വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്‍, ഹാളിചരണ്‍ നര്‍സാരി,സി.കെ. വിനീത് എന്നിവരാണ് ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ക്ലബ്ബ് വിടാനൊരുങ്ങുന്നതെന്ന് ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്ക് പുറമെ ഗോള്‍ കീപ്പര്‍ ധീരജ് സിംഗ്, നവീന്‍ കുമാര്‍ എന്നിവരും ക്ലബ്ബ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ബ്ലാസ്റ്റേഴ്സുമായി ഒന്നരവര്‍ഷത്തെ കരാര്‍ ബാക്കി നില്‍ക്കെയാണ് ജിങ്കാന്‍ ക്ലബ്ബ് വിടാനൊരുങ്ങുന്നത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നല്‍കിയ വാഗ്ദാനം നിരസിച്ച ജിങ്കാന്‍ ബ്ലാസ്റ്റേഴ്സില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. 2014 മുതല്‍ ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തനായ കാവല്‍ക്കാരനാണ് ജിങ്കാന്‍.

സി കെ വിനീത് ഈ സീസണിന്റെ തുടക്കത്തില്‍ തന്നെ ക്ലബ്ബില്‍ തുടര്‍ന്നേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്സ് കുപ്പായത്തില്‍ തന്നെ ഇറങ്ങാന്‍ തീരുമാനിച്ച വിനീതിനെയും ജനുവരിയിലെ കൂടുമാറ്റ കാലത്ത് കൈവിടാനാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ തീരുമാനമെന്നാണ് സൂചന. ചെന്നൈയിന്‍ എഫ്‌സിയിലേക്കായിരിക്കും വീനിത് പോവുകയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

സീസണൊടുവില്‍ ബ്ലാസ്റ്റേഴ്സ് വിടുമെന്ന് ദ് ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലും വിനീത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സീസണ്‍ പൂര്‍ത്തിയാവാന്‍ വിനീത് കാത്തുനില്‍ക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ സിസണില്‍ ബ്ലാസ്റ്റേഴ്സിനായി 585 മിനിട്ട് കളിച്ച വിനീതിന് രണ്ട് ഗോളുകളേ നേടാനായിരുന്നുള്ളു. വിനീതിന്റെ പ്രകടനത്തിനെതിരെ ബ്ലാസ്റ്റേഴ്സ് ആരാധകകൂട്ടമായ മഞ്ഞപ്പട രംഗത്തെത്തുകയും ഇതിനെതിരെ വിനീത്  പ്രതികരിക്കുകയും ചെയ്തിരുന്നു.

ഐഎസ്എല്ലില്‍ ജയത്തോടെ തുടങ്ങിയ ബ്ലാസ്റ്റേഴ്സിന് പിന്നീട് തുടര്‍ച്ചയായി 11 മത്സരങ്ങളില്‍ വിജയം നേടാനായിരുന്നില്ല. ഇതോടെ കോച്ച് ഡേവിഡ് ജെയിംസുമായുള്ള കരാര്‍ ബ്ലാസ്റ്റേഴ്സ് റദ്ദാക്കിയിരുന്നു. ജനുവരി ഒന്നു മുതല്‍ 31 വരെയാണ് ഐഎസ്എല്ലിലെ കൂടുമാറ്റ കാലം.

Follow Us:
Download App:
  • android
  • ios