കൊച്ചി: ഐഎസ്എല്‍ കേരള ബ്ലാസ്റ്റേഴ്‌സ്–കൊല്‍ത്തക്ക ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുതീര്‍ന്നു. ടിക്കറ്റിനായി കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് മുന്നില്‍ മണിക്കൂറുകള്‍ കാത്തുനിന്ന ആരാധാകര്‍ നിരാശരായി മടങ്ങി.

റഫീഖിന്റെ ഈ ഗോള്‍ ഉയര്‍ത്തിവിട്ട ആവേശത്തില്‍ നിന്ന് ആരാധകര്‍ മുക്തരായിട്ടില്ല. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്തയെ കീഴടക്കുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ മത്സരം നേരിട്ട് കാണാനുള്ള ടിക്കറ്റുകള്‍ കിട്ടാനില്ല. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ നേരത്തെ തീര്‍ന്നതിനാല്‍ കലൂര്‍ സ്റ്റേഡിയത്തിലെ കൗണ്ടറിലൂടെ മാത്രമായിരുന്നു വില്‍പ്പന.

മലപ്പുറത്ത് നിന്നും തിരുവനന്തപരത്ത് നിന്നുമൊക്കെ ടിക്കറ്റ് വാങ്ങാനായി മാത്രം കൊച്ചിയിലെത്തിയ ആരാധകര്‍ മണിക്കൂറുകളാണ് വരി നിന്നത്. എന്നാല്‍ ഉച്ചകഴിഞ്ഞ് രണ്ടരയായപ്പോള്‍ ടിക്കറ്റ് തീര്‍ന്നെന്ന അറിയിപ്പ് വന്നു. 55,000 ടിക്കറ്റുകള്‍ ഒറ്റ ദിവസം കൊണ്ട് എങ്ങിനെ വിറ്റുപോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.ടിക്കറ്റ് വില്‍പ്പനയില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ആരാധകര്‍ കൗണ്ടറിന് മുന്നില്‍ പ്രതിഷേധിച്ചു.