ടീമിലെ വിദേശ താരങ്ങളുടെ എണ്ണം കുറച്ചു
മുംബൈ: ഐഎസ്എല്‍ നിയമാവലിയില്‍ നിര്‍ണായക മാറ്റം. അടുത്ത സീസണ്‍ മുതല്‍ ടീമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന വിദേശ താരങ്ങളുടെ എണ്ണം എട്ടില്‍ നിന്ന് ഏഴായി കുറച്ചു. എന്നാല്‍ ആദ്യ ഇലവനില്‍ കളിക്കാവുന്ന താരങ്ങളുടെ എണ്ണത്തില്‍ മാറ്റമില്ല. അഞ്ച് വിദേശ താരങ്ങള്‍ക്ക് ഒരേസമയം കളിക്കാനാകും.
2014ല്‍ ഐഎസ്എലിന്‍റെ ആദ്യ സീസണില്‍ 11 വിദേശികള്‍ക്ക് ഒരു ടീമില്‍ കളിക്കാനുള്ള അനുമതിയുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ എന്ന വാദമുയര്‍ത്തി ഇത് പിന്നീട് കുറച്ചുകൊണ്ടുവരികയായിരുന്നു. ടീമിലെ സൂപ്പര്‍ താരങ്ങളായ വിദേശികളെ നിലനിര്‍ത്താനാണ് നിലവില്‍ ക്ലബുകള്‍ ശ്രമിക്കുന്നത്.
അഞ്ചാം സീസണ്‍ മുതല്‍ ഒരു ടീമിന് പരമാവധി 25 താരങ്ങളെയാണ് സ്വന്തമാക്കാനാവുക. അതേസമയം കുറഞ്ഞത് 22 താരങ്ങള്‍ ടീമിലുണ്ടാവുകയും വേണം. 16 ഇന്ത്യന്‍ താരങ്ങളും രണ്ട് അണ്ടര്‍ 21 താരങ്ങളും ഉണ്ടായിരിക്കണമെന്നും പുതിയ നിയമാവലിയിലുണ്ട്. താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യം വന്നാല്‍ പകരം താരങ്ങളെ ഉള്‍ക്കൊള്ളിക്കുന്നതില്‍ തടസമില്ല.
