ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗും (ഐഎസ്എല്‍) ഐ-ലീഗും ലയിപ്പിച്ച് ഒരൊറ്റ ലീഗാക്കണമെന്ന നിര്‍ദേശത്തിന് തല്‍ക്കാലത്തേയ്ക്കെങ്കിലും ചുവപ്പ് കാര്‍ഡ് കാട്ടി ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്). ഐഎസ്എല്ലും ഐ ലീഗും അടുത്ത മുന്നു-നാലു വര്‍ഷത്തേക്ക് ലയിപ്പിക്കില്ലെന്ന് എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ ഉറപ്പുനല്‍കിയതായി അദ്ദേഹത്തെ സന്ദര്‍ശിച്ച മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു. അതുവരെ ഐ ലീഗ് തന്നെയാകും ഇന്ത്യയുടെ ഔദ്യോഗിക ഫുട്ബോള്‍ ലീഗെന്ന് പ്രഫുല്‍ പട്ടേല്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് മോഹന്‍ ബഗാന്‍ ക്ലബ്ബ് ഫിനാന്‍സ് സെക്രട്ടറി ദേബാശിഷ് ദത്ത പറഞ്ഞു.

ഇന്ത്യന്‍ ഫുട്ബോളിന്റെ നവീകരണത്തിനുള്ള പദ്ധതികള്‍ അന്തിമരൂപമായിട്ടില്ലെന്നും അന്തിമ തീരുമാനമെടുക്കും മുമ്പ് എല്ലാ ടീമുകളെയും വിശ്വാസത്തിലെടുക്കുമെന്നും പ്രഫുല്‍ പട്ടേല്‍ ക്ലബ്ബ് അധികൃതര്‍ക്ക് ഉറപ്പ് നല്‍കി. അതേസമയം, ഐ-ലീഗ് ഔദ്യോഗിക ലീഗ് എന്ന നിലയില്‍ നിലനില്‍ക്കുമെങ്കിലും ഐ.എസ്.എല്‍ ഏഴു മാസം നീട്ടുന്നകാര്യം എ.ഐ.എഫ്.എഫിന്റെ പരിഗണനയിലാണ്. ഐ.എസ്.എല്‍ മത്സരങ്ങള്‍ വാരാന്ത്യങ്ങളിലാകും നടത്തുക. ഐ.എസ്.എല്‍ ക്ലബ്ബുകളെക്കൂടി ഉള്‍പ്പെടുത്തി ഫെഡറേഷന്‍ കപ്പില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടുണ്ട്.

നേരത്തെ ഐ.എസ്.എല്ലും ഐ ലീഗും ലയിപ്പിച്ച് 11 ടീമുകളുള്ള പുതിയ ലീഗാക്കി നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ ഇത്തവണത്തെ ഐ-ലീഗ് ചാമ്പ്യന്‍മാരായ ഐസ്വാള്‍ എഫ്.സി പരസ്യ പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തിരുന്നു. ബെംഗളൂരു എഫ് സിയേയും മോഹന്‍ ബഗാനേയും ഈസ്റ്റ് ബംഗാളിനേയും ഉള്‍പ്പെടുത്തി ഐ.എസ്.എല്‍ ഒന്നാം ലീഗാക്കാനായിരുന്നു എ.ഐ.എഫ്.എഫ് ആലോചിച്ചിരുന്നത്. എന്നാല്‍ ഐസ്വാള്‍ എഫ് സി നിരാഹാരമിരിക്കുമെന്ന് ഭീഷണി മുഴക്കിയതോടെ ഫെഡറേഷന്‍ നീക്കങ്ങള്‍ക്ക് തിരിച്ചടിയേല്‍ക്കുകയായിരുന്നു.