ഗുവാഹത്തി: ഐഎസ്എല്ലില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, മുംബൈ സിറ്റിയെ നേരിടും. ഗുവാഹത്തിയിൽ രാത്രി 7.30നാണ് മത്സരം. നാലാം ജയത്തോടെ സീസണില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തുകയാണ് നോര്‍ത്ത് ഈസ്റ്റിന്‍റെ ലക്ഷ്യം. 5 കളിയിൽ നിലവിൽ 11 പോയിന്‍റാണ് നോര്‍ത്ത് ഈസ്റ്റിന്‍റെ ലക്ഷ്യം.6 കളിയിൽ മുംബൈക്ക് പത്ത് പോയിന്‍റുണ്ട്.

നേരത്തെ ഐ എസ് എല്ലിൽ നാലാം ജയത്തോടെ എഫ് സി ഗോവ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു. ഗോവ ആറാം മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളിന് ഡൽഹി ഡൈനമോസിനെയാണ് തോൽപിച്ചത്.

രണ്ട് തവണ മുന്നിട്ട് നിന്ന ശേഷമാണ് ഡൽഹി സീസണിലെ ആദ്യ ജയം കൈവിട്ടത്. ബിക്രംജിത്തിലൂടെ ആറാം മിനിറ്റിൽ ഡൽഹി മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ എഡു ബേഡിയയിലൂടെ ഗോവ ഒപ്പമെത്തി. എഴുപതാം മിനിറ്റിൽ ലാലിയൻസുവാല ചാംഗ്തേ ഡൽഹിയെ വീണ്ടും മുന്നിലെത്തിച്ചു.

എൺപത്തിരണ്ടാം മിനിറ്റിൽ ബ്രാൻഡൻ ഫെർണാണ്ടസും എൺപത്തിയൊൻപതാം മിനിറ്റിൽ എഡു ബേഡിയയും ഗോവയെ ജയത്തിലെത്തിച്ചു. എട്ട് കളിയിൽ നാല് പോയിന്‍റ് മാത്രമുള്ള ഡൽഹി ലീഗിൽ ഒൻപതാം സ്ഥാനത്താണ്.