ബെംഗലുരു: ഐഎസ്എല്ലില്‍ മഞ്ഞപ്പടക്ക് ഭീഷണിയായി നീലപ്പടക്ക് വിജയത്തുടക്കം. കന്നിയങ്കത്തിനെത്തിയ ബെംഗലുരു എഫ്സി ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് മുംബൈ സിറ്റിയെ പരാജയപ്പെടുത്തി. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയും സ്‌പാനിഷ് താരം എഡു ഗാര്‍സ്യമാണ് ബെംഗലുരുവിന്‍റെ പ്രതീക്ഷ കാത്തത്. 4-4-2 രണ്ട് ശൈലിയിലിറങ്ങിയ നീലപ്പട തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചെങ്കിലും ആദ്യ പകുതിയില്‍ വലകുലുക്കാനായില്ല.
ബെംഗലുരുവിലെ കന്ദീവര സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരെ ആവേശത്തിലാക്കിയായിരുന്നു ബെംഗലുരുവിന്‍റെ ജയം. 22-ാം മിനുറ്റില്‍ ലഭിച്ച മികച്ച അവസരം നായകന്‍ സുനില്‍ ഛേത്രി പാഴാക്കി. എന്നാല്‍ രണ്ടാം പകുതിയില്‍ മാറ്റങ്ങളുമായിറങ്ങിയ ബെംഗലുരുവിന് എഡു ഗാര്‍സ്യയും ഉദണ്ടയും നിരന്തരം അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു.
ഒടുവില്‍ 66-ാം മിനുറ്റില്‍ കോര്‍ണ്ണറില്‍ നിന്ന് സുന്ദരഗോളിലൂടെ ഗാര്‍സ്യ നീലപ്പടയെ മുന്നിലെത്തിച്ചു. കളിയുടെ അവസാന നിമിഷം മുന്‍ ക്ലബിനെതിരെ സുനില്‍ ഛേത്രി ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയതോടെ ബെംഗലുരു ആദ്യ മത്സരത്തില്‍ അനായാസം വിജയിച്ചുകയറി. അങ്ങനെ ഐഎസ്എല്‍ അരങ്ങേറ്റം ആവേശമാക്കി ബെംഗലുരു എഫ്സി.
