ഐഎസ്എല്‍ ഫൈനലിന് മുമ്പ് ബെംഗളൂരു നായകന്‍ മനസുതുറക്കുന്നു

ബെംഗളൂരു: അരങ്ങേറ്റ സീസണില്‍ തന്നെ കിരീടമുയര്‍ത്താമെന്ന മോഹത്തോടെയാണ് ബെംഗളൂരു എഫ്‌സി ഐഎസ്എല്‍ നാലാം സീസണ്‍ ഫൈനലിനിറങ്ങുന്നത്. ചെന്നൈയിന്‍ എഫ്‌സിയാണ് കലാശപ്പോരാട്ടത്തില്‍ ബെംഗളൂരുവിന്‍റെ എതിരാളികള്‍. ബെംഗളൂരു എഫ്‌സിയെ ഫൈനലിലെത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളാണ് 33കാരനായ നായകന്‍ സുനില്‍ ഛെത്രി. 

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരമാണ് ചെന്നൈയിന്‍ എഫ്‌സിക്കെതിരായ ഫൈനലെന്ന് ഛെത്രി പറയുന്നു. 2013ല്‍ ക്ലബ് തുടങ്ങിയ ശേഷം കഴിഞ്ഞ നാല് സീസണുകളില്‍ നാല് കിരീടങ്ങള്‍ നേടിയ ടീമിന് ഐഎസ്എല്‍ എന്ന പുതിയ ലീഗില്‍ മേല്‍വിലാസമുണ്ടാക്കുക എളുപ്പമല്ല. നാളെ എന്താണ് സംഭവിക്കുകയെന്ന് തനിക്കറിയില്ല. അതിനാല്‍ ഇതാണ് ജീവിതത്തിലെ സുപ്രധാനമായ മത്സരമെന്ന് ഇന്ത്യന്‍ ഇതിഹാസം പറയുന്നു. 

പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്ക താരങ്ങളില്‍ പൂര്‍ണവിശാസമര്‍പ്പിക്കുന്നു. പരിശീലകനെന്ന നിലയില്‍ എന്താണ് തനിക്കാവശ്യമെന്ന് റോക്കയ്ക്ക് നന്നായറിയാം. ഡ്രോഫ്റ്റില്‍ നിരവധി താരങ്ങളെ കൈവിട്ടിട്ടും പരിശീലകന്‍ മനക്കരുത്തോടെ മുന്നോട്ടുപോയി. ടീം സ്‌പിരിറ്റാണ് തങ്ങളുടെ മുതല്‍ക്കൂട്ടെന്ന് നാലാം സീസണില്‍ മികച്ച സ്ഥിരത കാട്ടുന്ന ബെംഗളൂരുവിന്‍റെ നായകന്‍ പറയുന്നു. യോഗ്യതാ റൗണ്ടില്‍ പതിനെട്ടില്‍ 13 മത്സരങ്ങള്‍ ജയിച്ച് ഒന്നാമതെത്തിയ ടീമാണ് ബെംഗളൂരു.