ബെംഗളുരു: ഐഎസ്എല്ലില്‍ ഗോവ എഫ്‌സിയെ തകര്‍ത്ത് ബെംഗളുരു എഫ്‌സി പ്ലേ ഓഫില്‍. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു ശക്തരായ ബെംഗളുരുവിന്‍റെ വിജയം. ബെംഗളുരുവിനായി എഡു ഗാര്‍സ്യയും ഡിമാസുമാണ് ഗോള്‍ നേടിയത്. വിജയത്തോടെ സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ബെംഗളുരു. 15 കളിയില്‍ നിന്ന് 33 പോയിന്‍റുകളുള്ള ബംഗളുരു സീസണില്‍ ബഹുദൂരം മുന്നിലെത്തി.

സ്വന്തം തട്ടകത്തില്‍ വ്യക്തമായ ആധിപത്യം ഉറപ്പിച്ചാണ് 11-ാം വിജയം നീലപ്പട സ്വന്തമാക്കിയത്. 35-ാം മിനുറ്റില്‍ ഡിമാസെടുത്ത കോര്‍ണറില്‍ നിന്ന് എഡു ഗാര്‍സ്യ നേടിയ ഗോളില്‍ ആദ്യ പകുതിയില്‍ ബെംഗളുരു ലീഡ് സ്വന്തമാക്കി. രണ്ടാം പകുതിയില്‍ 83-ാം ആദ്യ ഗോളിന് വഴിവെച്ച ഡിമാസ് വലകുലുക്കിയതോടെ വ്യക്തമായ മുന്‍തൂക്കം ബെംഗളുരുവിനായി. മറുവശത്ത് തിരിച്ചടിക്കാനുള്ള ഗോവയുടെ ശ്രമങ്ങള്‍ പാഴായതോടെ ബെംഗളുരു അനായാസം അടുത്ത റൗണ്ടുറപ്പിച്ചു.