ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് രണ്ടാം മത്സരം. ജംഷെഡ്പൂർ എഫ് സിയാണ് എതിരാളികൾ. രാത്രി എട്ടിന് കൊച്ചിയിലാണ് മത്സരം. സമനില തെറ്റാതെ തുടങ്ങിയ രണ്ടു ടീമുകൾ. കേരള ബ്ലാസ്റ്റേഴ്സും ജംഷെഡ്പൂർ എഫ് സിയും. മഞ്ഞക്കോട്ടയിൽ ആദ്യജയത്തിനായി ഇറങ്ങുമ്പോൾ മുൻതൂക്കവും സമ്മർദ്ദവും ബ്ലാസ്റ്റേഴ്സിന്. ബ്ലാസ്റ്റേഴ്‌സിന്റെ ഇലവനിലും തന്ത്രങ്ങളിലും മാറ്റുണ്ടാവും.
മധ്യനിര ഒത്തിണക്കത്തോടെ ഉണരണം. ബെർബറ്റോവും ഹ്യൂമും വിനീതുമെല്ലാം തലയെടുപ്പിനൊപ്പം പന്തുതട്ടിയാൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷിക്കാം. കളിത്തട്ടും കാണികളെയും അറിയുന്ന മുന്‍ ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റീവ് കോപ്പലിന്റെ ശിക്ഷണമാണ് ജംഷെഡ്പൂരിന് കരുത്ത് പകരുന്നത്. മലയാളിതാരം അനസ് എടത്തൊടിക നേതൃത്വം നല്‍കുന്ന പ്രതിരോധനിരയും ജംഷെഡ്പുരിന് പ്രതീക്ഷയർപ്പിക്കാവുന്ന മേഖലാണ്.
