കൊച്ചി: പരിശീലകനായി ഡേവിഡ് ജെയിംസ് എത്തിയതോടെ ബ്ലാസ്റ്റേഴ്സിന്‍റെ കളി മാറുന്നതിന്‍റെ സൂചനകള്‍ കണ്ടു തുടങ്ങി. പുനെ സിറ്റിക്കെതിരെ സമനില വഴങ്ങിയെങ്കിലും ആത്മവിശ്വാത്തോടെയാണ് പരിശീലകനും താരങ്ങളും മൈതാനം വിട്ടത്. രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ച ബ്ലാസ്റ്റേഴ്സ് പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പരിശീലക സ്ഥാനം ഏറ്റെടുത്ത് ഒരു ദിവസം പിന്നിട്ടപ്പോള്‍ ടീമിനെയും ആരാധകരെയും ആത്മവിശ്വാസത്തിലാക്കാന്‍ ഡേവിഡേട്ടന് കഴിഞ്ഞു. 

താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന പരിശീലകനെയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് തിരഞ്ഞത് എന്ന് വ്യക്തം. മത്സര ശേഷം പ്രകോപിപിക്കാന്‍ ശ്രമിച്ച അവതാരകന് ജേവിഡ് ജെയിംസ് നല്‍കിയ ഗംഭീര മറുപടി തന്നെ ഉദാഹരണം. ഇനി ബ്ലാസ്റ്റേഴ്സിന് മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത് എന്നായിരുന്നു അവതാരകന്‍റെ കമന്‍റ്. എന്നാല്‍ നാല് മത്സരങ്ങളുണ്ട് എന്ന് തിരുത്തി ഡേവിഡേട്ടന്‍ തിരിച്ചടിച്ചു. മൂന്ന് റൗണ്ട് മത്സരങ്ങളും ഒരു പ്ലേ ഓഫും ബാക്കിയുണ്ടെന്ന് ഡേവിഡ് ജെയിംസ് അവതാരകന് പഠിപ്പിച്ചുകൊടുത്തു. 


മത്സര ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലും ടീമിന് പ്രചോദനം നല്‍കുന്ന വാക്കുകളാണ് ഡേവിഡ് ജെയിംസ് പറഞ്ഞത്. ടീമിന് പ്ലേ ഓഫ് കളിക്കാനുള്ള കഴിവുണ്ട് എന്ന് തിരിച്ചറിഞ്ഞ് തന്നെയാണ് താന്‍ പരിശീലക സ്ഥാനം ഏറ്റെടുത്തതെന്ന് വ്യക്തമാക്കി. പാതിവഴിയില്‍ റെനെ മ്യൂലന്‍സ്റ്റീന്‍ ഉപേഷിച്ചുപോയ ടീമിനെ ലീഗില്‍ തിരിച്ചെത്തിക്കാന്‍ കഴിവുള്ള കപ്പിത്താന്‍ തന്നെയാണ് ഡേവിഡ് ജെയിംസ്. നിലവില്‍ എട്ട് പോയിന്‍റുമായി എട്ടാം സ്ഥാനത്താണെങ്കിലും ഇനിയുള്ള മത്സരങ്ങള്‍ വിജയിച്ചാല്‍ മഞ്ഞപ്പടക്ക് പ്ലേ ഓഫിലെത്താന്‍ കഴിയും.