കലാശപ്പോര്; ആദ്യ പകുതി ചെന്നൈയിനൊപ്പം

First Published 17, Mar 2018, 8:58 PM IST
isl2017 final bengaluru fc vs chennaiyin fc 1st half
Highlights
  • വീറും വാശിയും നിറഞ്ഞ കലാശപ്പോരാട്ടത്തിനാണ് ആദ്യ പകുതി സാക്ഷ്യം വഹിച്ചത്

ബെംഗളൂരു: ഐഎസ്എല്‍ നാലാം സീസണ്‍ ഫൈനലില്‍ ആദ്യ പകുതി ചെന്നൈയിനൊപ്പം. ബെംഗളൂരുവിന്‍റെ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയിന്‍ മുന്നിട്ടുനില്‍ക്കുന്നത്. മൂന്ന് ഗോളുകളും തകര്‍പ്പന്‍ ഹെഡറുകളിലൂടെയാണ് പിറന്നത് എന്നത് പ്രത്യേകതയാണ്. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ വീറും വാശിയും നിറഞ്ഞ കലാശപ്പോരാട്ടത്തിനാണ് ആദ്യ പകുതി സാക്ഷ്യം വഹിച്ചത്.  

സ്വന്തം കാണികള്‍ക്ക് മുന്നില്‍ നീലപതാക വാനില്‍ പറത്തിയാണ് ബെംഗളൂരു കളിതുടങ്ങിയത്. നായകന്‍ സുനില്‍ ഛെത്രിയുടെ പറക്കും ഹെഡറിലൂടെ ഒമ്പതാം മിനുറ്റില്‍ ബെംഗളുരുവിന്‍റെ മിന്നല്‍ പ്രഹരം. വലതുവിങ്ങില്‍ നിന്ന് യുവതാരം ഉദാന്ദ സിംഗ് ഉയര്‍ത്തിവിട്ട വേഗമാര്‍ന്ന ക്രോസ് ഛെത്രി പറന്ന് വലയിലിട്ടു. എന്നാല്‍ 17-ാം മിനുറ്റില്‍ ബ്രസീലിയന്‍ താരം മൈല്‍സണ്‍ അല്‍വസിന്‍റെ ഗോളില്‍ ചെന്നൈയിന്‍ സമനില പിടിച്ചു. 

കോര്‍ണറില്‍ നിന്നുള്ള പന്ത് ബെംഗളൂരു പ്രതിരോധത്തെ അപ്രത്യക്ഷമാക്കി അനായാസം അല്‍വസ് ലക്ഷ്യത്തിലെത്തിച്ചു. പിന്നീട് കണ്ടത് ലീഡുറപ്പിക്കാനുള്ള ഇരുടീമുകളുടെയും മിന്നല്‍ പോരാട്ടമാണ്. ഒടുവില്‍ ആദ്യ പകുതി പൂര്‍ത്തിയാകാന്‍ സെക്കന്‍റുകള്‍ ബാക്കിനില്‍ക്കേ രണ്ടാം ഗോളും തലകൊണ്ട് വലയിലിട്ട് മൈല്‍സണ്‍ അല്‍വസ് ചെന്നൈയിന് 2-1 ന്‍റെ ലീഡ് നേടിക്കൊടുക്കുകയായിരുന്നു.

loader