മത്സരം രാത്രി എട്ടിന് ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍
ബെംഗളൂരു: അഞ്ച് മാസം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില് ഐഎസ്എല് നാലാം സീസണിലെ ചാമ്പ്യന്മാരെ ഇന്നറിയാം. കലാശപ്പോരില് സ്വന്തം മൈതാനത്ത് ബെംഗളൂരു എഫ്സി രാത്രി എട്ടിന് ചെന്നൈയിന് എഫ്സിയെ നേരിടും. ആദ്യ സീസണില് തന്നെ കപ്പുയര്ത്താനാണ് ലീഗിലെ സ്ഥിരതയാര്ന്ന ടീമായ ബെംഗളൂരു ഇറങ്ങുന്നത്. എന്നാല് 2015ലെ കിരീടനേട്ടം ആവര്ത്തിക്കാനാണ് ചെന്നൈയിന് ശ്രമം.
സെമിയില് പുനെ സിറ്റിയെ വീഴ്ത്തിയ ബിഎഫ്സി 38 ഗോളുകളാണ് ഇതുവരെ നേടിയത്. ഗുര്പ്രീത് സിംഗ് സന്ധു ഗോള്വലയം കാക്കുന്ന ബിഎഫ്സി അവസാന പത്ത് കളിയിലും തോല്വി അറിഞ്ഞിട്ടില്ല. അതേസമയം സെമിയില് ഗോവയുടെ മുനയൊടിച്ചെത്തുന്ന ചെന്നൈയിന് ഇതുവരെ സ്കോര് ചെയ്തത് 28 ഗോള്. പ്രാഥമിക റൗണ്ടില് ഏറ്റുമുട്ടിയപ്പോള് ബെംഗളൂരുവില് 2-1ന് ചെന്നൈയിനും ചെന്നൈയില് 3-1ന് ബെംഗളൂരുവും വിജയിച്ചിരുന്നു.
ഇന്ത്യന് ഗോള്വേട്ടക്കാരിലെ ചീറ്റപ്പുലികളായ സുനില് ഛെത്രിയും ജെജെ ലാല്പെഖുലയും മുഖാമുഖം വരുന്നുവെന്നത് ആരാധകര്ക്ക് ആവേശം പകരും. ബിഎഫ്സി കോച്ച് ആല്ബര്ട്ട് റോക്കയുടെയും ചെന്നൈയിന് കോച്ച് ജോണ് ഗ്രിഗറിയുടെയും തന്ത്രങ്ങളുടെ ഏറ്റുമുട്ടല് കൂടിയാവും ഐഎസ്എല് കലാശപ്പോരാട്ടം.
മത്സരം രാത്രി എട്ട് മണി മുതല് സ്റ്റാര് സ്പോര്ട്സിലും ഹോട്ട് സ്റ്റാറിലും തത്സമയം കാണാം.
