ഗോവ: ഗോവയിലെ ഗോള്‍മഴയില്‍ ബെംഗളുരു എഫ്സിയുടെ വെസ്റ്റ് ബ്ലോക്ക് തരിപ്പിണം. ആവേശം നിറഞ്ഞ മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് പ്രഫഷണല്‍ പെരുമയുമായെത്തിയ ബെംഗളുരുവിനെ ഗോവ പരാജയപ്പെടുത്തി. സീസണിലെ ആദ്യ ഹാട്രിക് കുറിച്ച ഫെരാന്‍ കോറോമിനസിന്‍റെ മിന്നും പ്രകടനമാണ് ഗോവക്ക് വിജയം സമ്മാനിച്ചത്. 36-ാം മിനുറ്റില്‍ ഗോവന്‍ താരത്തെ തള്ളിയിട്ടതിന് ഗോളി ഗുര്‍പ്രീത് സിങ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. 

മത്സരത്തില്‍ 16,33,63 മിനുറ്റുകളിലായിരുന്നു കോറോയുടെ മിന്നലാട്ടം. 40-ാം മിനുറ്റില്‍ ലാന്‍സറോട്ട പെനാള്‍ട്ടിയിലൂടെ ഗോവ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. അതേസമയം മിക്കുവിന്‍റെ ഇരട്ട ഗോളും എറിക് പര്‍ത്താലുവിന്‍റെ ഗോളുമാണ് ബെംഗളുരുവിന് തുണയായത്. മികു 20, 60 മിനുറ്റകളില്‍ വലകുലുക്കിയപ്പോള്‍ 57-ാം മിനുറ്റിലായിരുന്നു പര്‍ത്താലുവിന്‍റെ ഗോള്‍. മൂന്ന് മത്സരങ്ങളില്‍ ആറു പോയിന്‍റുള്ള ബെംഗളുരു തന്നെയാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത്.