ഗോവ- ജംഷെഡ്പൂര്‍ പോരാട്ടത്തിലെ ജേതാക്കള്‍ നാലാം സ്ഥാനക്കാരായി സെമിയിലെത്തും

ജംഷെഡ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് ലൈനപ്പ് ഇന്നറിയാം. ലീഗിലെ അവസാന നാല് ടീമുകളെ നിശ്ചയിക്കുന്ന പോരാട്ടത്തില്‍ എഫ് സി ഗോവ വൈകിട്ട് അഞ്ചരയ്ക്ക് ജംഷെഡ്പൂര്‍ എഫ് സിയെ നേരിടും. ജംഷെഡ്പൂരിന്‍റെ ഹോം ഗ്രൗണ്ടിലാണ് നിര്‍ണായക മത്സരം. ഗോവ- ജംഷെഡ്പൂര്‍ പോരാട്ടത്തിലെ ജേതാക്കള്‍ നാലാം സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറും.

മത്സരം സമനിലയിലായാല്‍ ഗോവയാവും സെമിയിലെത്തുക. ഗോവയ്ക്ക് 27 പോയിന്‍റും ജംഷെഡ്പൂരിന് 26 പോയിന്‍റുമാണുള്ളത്. എ.ടി.കെ രാത്രി എട്ടിന് തുടങ്ങുന്ന രണ്ടാം കളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. അവസാന സ്ഥാനക്കാര്‍ ആരെന്ന് നിശ്ചയിക്കുന്ന പോരാട്ടമായിരിക്കും ഇത്. ഇതോടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ അവസാനിക്കും. ബെംഗളൂരു എഫ്സി, ചെന്നൈയിന്‍ എഫ്സി, പൂനെ എഫ് സി എന്നിവര്‍ നേരത്തേ പ്ലേ ഓഫിലെത്തിയിരുന്നു.