കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് വല്ല്യേട്ടന്‍ ഹെങ്ബര്‍ട്ടിനെയും ഹോസുവിനെയും മറക്കാനാകാനാകില്ല. ഐഎസ്എല്ലില്‍ കേരളത്തിന്‍റെ പ്രതിരോധത്തിലെ ഉരുക്കുകോട്ടയായിരുന്നു ഹെങ്ബര്‍ട്ട്. അതേസമയം ഹോസു പ്രിറ്റോ കേരള ബ്ലാസ്റ്റേഴ്സ് നിരയില്‍ കൂടുതല്‍ ആരാധകരുള്ള വിദേശ താരമായിരുന്നു. ഇരുവര്‍ക്കും കേരളത്തിലെ പ്രിയ ആരാധകരെ മറക്കാനാകിലെന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുന്നു.

ഐഎസ്എല്‍ നാലാം സീസണില്‍ അത്ര മികച്ച ഫോമിലല്ല കേരള ബ്ലാസ്റ്റേഴ്സ്. തുടര്‍ തോല്‍വികളുമായി മഞ്ഞപ്പട കിതയ്ക്കുമ്പോള്‍ പാതിവഴിയില്‍ പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റീന്‍ നാടുവിടുകയും ചെയ്തു. പ്രതിസന്ധികളിലൂടെ ബ്ലാസ്റ്റേഴ്സ് പന്തടിക്കുമ്പോള്‍ പഴയ ക്ലബിനും പ്രിയ ആരാധകര്‍ക്കും പിന്തുണയറിയിച്ച് വല്ല്യേട്ടനും ഹോസുവും രംഗത്തെത്തി.

ഇന്‍സ്റ്റാഗ്രാമില്‍ ഹെങ്ബര്‍ട്ട് പങ്കുവെച്ച ചിത്രത്തിലാണ് ഇരുവരും ബ്ലാസ്റ്റേഴ്സിനു പിന്തുണ അറിയിച്ചത്. ബ്ലാസ്റ്റേഴ്സിലെ പ്രശ്നങ്ങള്‍ പങ്കുവെച്ച് മഞ്ഞപ്പട ആരാധകരുടെ സന്ദേശങ്ങള്‍ ലഭിക്കുന്ന വിവരവും ഹെങ്ബര്‍ട്ട് വെളിപ്പെടുത്തി. ഫുട്ബോളില്‍ വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ആരാധകര്‍ ടീമിനൊപ്പം നില്‍ക്കണമെന്ന് ഹെങ്ങ്ബര്‍ട്ട് ഇന്‍സ്റ്റാഗ്രാം പേസ്റ്റിലൂടെ ആവശ്യപ്പെട്ടു.

മോശം അവസ്ഥയില്‍ ടീമിന് പിന്തുണ നല്‍കുന്നുവെന്ന് ഹെങ്ബര്‍ട്ട് പറഞ്ഞപ്പോള്‍ അതിനു താഴെ കമന്‍റുമായി ഹോസു രംഗത്തെത്തി. ബ്ലാസ്റ്റേഴ്സിലെ സീസണ്‍ തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും വീണ്ടും മഞ്ഞക്കടലിന് മുന്നില്‍ കളിക്കാനാഗ്രഹിക്കുന്നതായും ഹോസു പറഞ്ഞു. ബ്ലാസ്റ്റേഴ്സിനായി 25 മത്സരങ്ങള്‍ കളിച്ച ഹോസു ഒരു ഗോള്‍ നേടുകയും ആറു ഗോളിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. 

View post on Instagram